പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കെ എസ് ആര്‍ ടി സിയുടെ ‘ചില്‍ ബസ്‌’

തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് കെ എസ് ആര്‍ ടി സി എസി എസി ലോ ഫ്ളോര്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ചില്‍ ബസ് സര്‍വീസ് എന്നുപേരിട്ടിരിക്കുന്ന ഒരു മണിക്കൂർ ഇടവിട്ടുള്ള സര്‍വീസുകള്‍ ഒാഗസ്റ്റ് ഒന്നുമുതല്‍ സര്‍വ്വീസ് ആരംഭിക്കും.


എസി ലോ ഫ്ളോര്‍ ബസുകള്‍ അതും ഒരു മണിക്കൂര്‍ ഇടവിട്ട്, ചുരുങ്ങിയ ചിലവില്‍ സൗകര്യപ്രദമായ യാത്രക്കാണ് കെ എസ് ആര്‍ ടി സി അവസരമൊരുക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ആലപ്പുഴ വഴിയും കോട്ടയം വഴിയും സര്‍വീസ് ആരംഭിക്കും. രാാവിലെ അഞ്ച് മണിക്ക് ആരംഭിക്കുന്ന സർവീസ് ആലപ്പുഴ വഴിയും അഞ്ചരയ്ക്ക് ആരംഭിക്കുന്ന സർവീസ് കോട്ടയം വഴിയുമായിരിക്കും. പിന്നീട് ഓരോ മണിക്കൂർ ഇടവിട്ട് സര്‍വീസുണ്ടാകും. രാത്രി പത്ത് മണിക്ക് ശേഷം രണ്ടുമണിക്കൂർ ഇടവിട്ടാണ് ബസ് സര്‍വ്വീസ്‌. എറണാകുളത്ത് നിന്ന് തിരിച്ചും എറണാകുളം– കോഴിക്കോട് റൂട്ടിലും ഇതു പോലെ സർവ്വീസ് ഉണ്ടായിരിക്കും.
കോഴിക്കോട് നിന്ന് കാസർകോട്ടേയ്ക്കും പാലക്കാട്ടേക്കും രണ്ട് മണിക്കൂർ ഇടവിട്ട് സര്‍വീസ് നടത്തും. എറണാകുളത്ത് നിന്ന് മൂന്നാർ, കുമളി, തൊടുപുഴ എന്നിവടങ്ങളിലേക്കും തിരുവനന്തപുരം– പത്തനംതിട്ട റൂട്ടിലും ബസുകളോടിക്കും. എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്കും തിരിച്ചും രാവിലെയും വൈകുന്നേരവും രണ്ടു സര്‍വീസുകളുണ്ടാകും.