റൊണാൾഡോക്ക്‌ പിന്നാലെ അഷ്റഫ് ഹക്കീമും റയൽ മാഡ്രിഡിൽ വിട്ടു

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിനു പുറകേ മറ്റൊരു താരം കൂടി റയൽ മാഡ്രിഡിൽ നിന്നും പുറത്ത്. റയൽ മാഡ്രിഡിന്റെ പ്രതിരോധ നിരയിലെ താരമായ അഷ്റഫ് ഹക്കീമിയാണ് ക്ലബ് വിട്ടത്.റയലിൽ നിന്നും ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിലേക്കാണ് അഷ്റഫ് ഹക്കീമി ചേക്കേറിയത്. രണ്ടു വർഷത്തെ ലോണിലാണ് മൊറോക്കോ താരം ഡോർട്മുണ്ടിലെത്തിയത്. 19കാരനായ ഹക്കീമി റഷ്യൻ ലോകകപ്പിൽ മൊറോക്കോക്കു വേണ്ടി എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു. സ്പെയിൻ, പോർച്ചുഗൽ എന്നിവർക്കൊപ്പമുള്ള ഗ്രൂപ്പിലകപ്പെട്ട മൊറോക്കോക്ക് നോക്കൗട്ട് ഘട്ടത്തിൽ ഇടം കണ്ടെത്താനായില്ല.

കഴിഞ്ഞ സീസണിൽ കർവാഹാളിനു പിന്നിൽ റയൽ മാഡ്രിഡിന്റെ രണ്ടാം നമ്പർ റൈറ്റ് ബാക്കായാണ് ഹക്കീമി കളിച്ചിരുന്നത്. എന്നാൽ പുതിയ സീസണിൽ റയൽ സ്പാനിഷ് താരം ഓഡ്രിയോസോളയെ സ്വന്തമാക്കിയതോടെ റയലിൽ തനിക്ക് അവസരങ്ങൾ തീരെയുണ്ടാവില്ലെന്നതു കൊണ്ടാണ് ഹക്കീമി റയൽ വിടുന്നതെന്നാണ് റിപ്പോർട്ട്. കർവാഹാൾ, ഓഡ്രിയോസോള എന്നിവർക്കു പുറമേ റൈറ്റ് ബാക്ക് സ്ഥാനത്തു കളിക്കാൻ കഴിയുന്ന നാച്ചോയുടെ സാന്നിധ്യവും ഹക്കീമിക്ക് റയലിൽ അവസരങ്ങളില്ലാതാക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ സീസണിൽ സിദാനു കീഴിൽ ഏതാനും മത്സരങ്ങൾ താരം കളിച്ചിരുന്നു.

ഫ്രഞ്ച് ക്ലബായ നീസ് പരിശീലകനായിരുന്ന ഫാവ്റേ ഡോർട്മുണ്ടിലെത്തിയതിനു ശേഷം ആറാമത്തെ താരത്തെയാണ് ജർമൻ ക്ലബ് ടീമിലെത്തിക്കുന്നത്. ജൂലൈ പതിനെട്ടിനും ഇരുപത്തിയാറിനും ഇടയിലുള്ള പ്രീ സീസൺ ടൂറിനു മുന്നോടിയായി താരം ഡോർട്മുണ്ടിനൊപ്പം ചേരും. യുവതാരങ്ങളെ വളർത്തിയെടുക്കാൻ കഴിവുള്ള ഫാവ്റെക്കൊപ്പം ചേരുന്നത് താരത്തിനും ഭാവിയിൽ റയലിനും ഗുണം ചെയ്യും