കേരളത്തില്‍നിന്നുള്ള പഴം, പച്ചക്കറി വിലക്ക് പിന്‍വലിച്ചു

ദുബൈ: നിപാ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം യുഎഇ പിന്‍വലിച്ചു. എന്നാല്‍ കേരളത്തില്‍ നിന്ന് ഇവ കയറ്റുമതി ചെയ്യുമ്പോള്‍ വൈറസ് മുക്തമാണ് ഇവ എന്ന സര്‍ട്ടിഫിക്കറ്റു കൂടി കയറ്റുമതി രേഖയ്‌ക്കൊപ്പം ഉണ്ടാകണമെന്നും ഇതു സംബന്ധിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. മെയ് 26 മുതലാണ്‌
പഴം-പച്ചക്കറികളുടെ ഇറക്കുമതിക്ക് അനുമതി നിഷേധിച്ചത്‌ . മറ്റ് ഗള്‍ഫ് രാജ്യങ്ങളും ഇറക്കുമതി വിലക്ക് പ്ര്യഖാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും അത് പിന്‍വലിച്ചിട്ടില്ല. കേരളം നിപാവിമുക്തമായി പ്രഖ്യാപിച്ച ഉത്തരവ് യുഎഇയ്ക്ക് ലഭിച്ചതിനാലാണ് വിലക്ക് പിന്‍വലിച്ചത്. യുഎഇയിലേയ്ക്ക് മാത്രം കേരളത്തില്‍ നിന്നും 400 ടണ്‍ പഴങ്ങളും പച്ചക്കറികളുമാണ് പ്രതിദിനം എത്തിക്കൊണ്ടിരുന്നത്. ചക്ക, പൈനാപ്പിള്‍, മുരിങ്ങക്ക, പാവയ്ക്ക, വെള്ളരിക്ക, പടവലങ്ങ, വാഴക്കൂമ്പ്, വാഴപ്പിണ്ടി, കടച്ചക്ക, ചേമ്പ്, തേങ്ങ, നാടന്‍ മാമ്പഴങ്ങള്‍ എന്നിവയ്ക്കാണ് പ്രധാനമായും ഗള്‍ഫ് വിപണികള്‍ കേരളത്തെ ആശ്രയിക്കുന്നത്.