ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾ നിരീക്ഷിക്കാൻ സ്മാർട്ട് നിരീക്ഷണ കേന്ദ്രം

ദുബായ് :ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾ നിരീക്ഷിക്കാൻ പ്രത്യേക സ്മാർട്ട് കമാൻഡ്‌ ആൻഡ് കൺട്രോൾ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ടെർമിനൽ മൂന്നിലാണ് ദുബായ് ഇമിഗ്രേഷൻ വിഭാഗത്തിന്റെ അത്യാധുനിക സംവിധാനങ്ങളുള്ള ആധുനിക കൺട്രോൾ റൂം.

എക്‌സ്‌പോ- 2020 മുന്നിൽ കണ്ട് യാത്രക്കാരെ മികച്ച രീതിയിൽ സ്വാഗതം ചെയ്യുവാൻ വേണ്ടി കൂടുതൽ തയ്യാറെടുപ്പുകളോടെയാണ് സെന്റർ പ്രവർത്തിക്കുന്നത്‌. ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് ശൈഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തും പുതിയ സ്മാർട്ട് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ദുബായ് വിമാനത്താവളത്തിലെ യാത്രികരുടെ സഞ്ചാരപാതകൾ എമിഗ്രേഷൻ നടപടിക്രമങ്ങൾ, പാസ്പോർട്ട് കൗണ്ടറുകളിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ മുതലായവയെല്ലാം ഈ കേന്ദ്രത്തിൽ നിന്ന് നിരീക്ഷിക്കാം. പാസ്പോർട്ട് കൗണ്ടറിന്റെ മുന്നിലുള്ള യാത്രികരുടെ ക്യൂ നിരീക്ഷിച്ചു ആവശ്യമായ നിർദേശങ്ങൾ നൽകാൻ പുതിയ സംവിധാനങ്ങൾ ഒരുക്കി ഇമിഗ്രേഷൻ നടപടി വേഗത്തിലാക്കാൻ ഇത് സഹായിക്കും.