പുതിയ മാറ്റങ്ങളുമായി സ്‌കൈപ്പിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പ്

പുത്തൻ മാറ്റങ്ങളുമായി ജനപ്രിയ വീഡിയോകോൾ- വോയിസ് കോൾ ആപ്ലിക്കേഷനായ സ്‌കൈപ്പിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പ് എത്തുന്നു. സെപ്റ്റംബർ ഒന്നു മുതലാണ് പുതിയ അപ്ഡേറ്റ് ലഭിക്കുക.
സ്‌കൈപ്പിന്റെ ക്ലാസിക് 7.0 ആപ്പിന് പകരമായാണ് പുതിയ ഡെസ്‌ക്ടോപ്പ് പതിപ്പ് അവതരിപ്പിക്കുന്നത്.എച്ച്ഡി വീഡിയോകോൾ, 24 ആളുകളുമായി ഒരേസമയം സംവദിക്കാൻ സാധിക്കുന്ന ഗ്രൂപ്പ് കോൾ തുടങ്ങിയ സൗകര്യങ്ങളാണ് സ്‌കൈപ്പിന്റെ പുതിയ ഡെസ്‌ക്ടോപ്പ് പതിപ്പിലുള്ളത്. സ്‌കൈപ്പ് കമ്മ്യൂണിറ്റിയുടെ ആവശ്യപ്രകാരമാണ് സ്‌കൈപ്പിന്റെ 8.0 പതിപ്പ് പുറത്തിറക്കുന്നതൈന്ന് സ്‌കൈപ്പ് ബ്ലോഗ്പോസ്റ്റിൽ പറഞ്ഞു.

സ്‌കൈപ്പ് 7.0 പതിപ്പിൽ പരിചിതമായ അതേ രീതിയിൽ തന്നെയാണ് പുതിയ പതിപ്പും ഉപയോഗിക്കുകയെന്നും മൈക്രോസോഫ്റ്റ് പറയുന്നു. സ്‌കൈപ്പിന്റെ പുതിയ പതിപ്പിൽ മെസേജ് റിയാക്ഷനുകൾ, ഗ്രൂപ് ചാറ്റിൽ ഒരോ വ്യക്തികൾക്കും പ്രത്യേകം നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായുള്ള മെൻഷനുകൾ, ചാറ്റ് മീഡിയാ ഗാലറി, ഒരുസമയം 300 ചിത്രങ്ങളും വീഡിയോകളും വരെ അയക്കുക തുടങ്ങിയ സൗകര്യങ്ങൾ സ്‌കൈപ്പിൽ ലഭ്യമാവും.
ഇത് കൂടാതെ റീഡ് റസീറ്റുകൾ, എന്റ് റ്റു എന്റ് എൻക്രിപ്ഷൻ, ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള വീഡിയോകോൾ റെക്കോഡിങ്, പ്രൊഫൈൽ ഇൻവൈറ്റ്സ് പോലുള്ള കൂടുതൽ ഫീച്ചറുകൾ താമസിയാതെ അവതരിപ്പിക്കാനും സ്‌കൈപ്പിന് പദ്ധതിയുണ്ട്. ഐപാഡുകളിലും സ്‌കൈപ്പ് 8.0 പതിപ്പ് ലഭ്യമാവും.

വ്യക്തിപരമായ ആവശ്യങ്ങളേക്കാൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഏറെ പ്രയോജനപ്പെടുത്തുന്ന ആശയവിനിമയ സേവനമാണ് സ്‌കൈപ്പ്. വീഡിയോ കോൺഫറൻസുകൾക്കും ക്ലാസുകൾക്കും മറ്റുമായി സ്‌കൈപ്പ് പ്രയോജനപ്പെടുത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്.ഈ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാവണം 24 പേരെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന വീഡിയോ കോളിങ് സംവിധാവും അതുമായി ബന്ധപ്പെട്ട മറ്റ് ഫീച്ചറുകളും സ്‌കൈപ്പ് കൊണ്ടുവരുന്നത്.