മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ മൂന്നാമത്തെയാളും രക്ഷപെട്ടു

വയനാട്: മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ അന്യ സംസ്ഥാന തൊഴിലാളികളായ മൂന്നുപേരും രക്ഷപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളിയും ബംഗാള്‍ സ്വദേശിയുമായ അലാവുദീനാണ് ഇന്ന് രാവിലെ രക്ഷപ്പെട്ടത്. മറ്റ് രണ്ടുപേര്‍ വെള്ളിയാഴ്ച തന്നെ രക്ഷപ്പെട്ടിരുന്നു.

മേപ്പാടി എമറാള്‍ഡ് എസ്റ്റേറ്റിലെ ഏലത്തോട്ടത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയത്. ആയുധധാരികളായ മാവോയിസ്റ്റ് സംഘത്തില്‍ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും ഉള്ളതായി രക്ഷപ്പെട്ട തൊഴിലാളികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം, മാവോയിസ്റ്റുകള്‍ക്കായി പൊലീസും മാവോയിസ്റ്റ് വിരുദ്ധസേനയായ തണ്ടര്‍ബോള്‍ട്ടും രാവിലെ തെരച്ചില്‍ നടത്തും.