മഴ ദുരിതം നേരില്‍ കണ്ട് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു: 80 കോടി രൂപയുടെ അടിയന്തിര സഹായം

കോട്ടയം: മഴക്കെടുതിയില്‍ കേരളത്തിന് കനത്ത നാശനഷ്ടം ഉണ്ടായെന്ന്‌ കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി കിരണ്‍ റിജിജു. പത്ത് ദിവസത്തിനുള്ളില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘം വീണ്ടുമെത്തും. ധന, ആഭ്യന്തര. ഗതാഗത, ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകും. ദുരിതം നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് നഷ്ട പരിഹാരം നല്‍കാനുള്ള മാനദണ്ഡങ്ങളിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ കാലാവസ്ഥ കേന്ദ്രം കണക്കിലെടുക്കണമെന്നും. 1000കോടിയിലേറെ രൂപയുടെ കേന്ദ്രസഹായം ചോദിക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി, ദേശീയദുരന്തനിവാരണ സേന ഡയറക്ടര്‍ ജനറല്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും ആഭ്യന്തരസഹമന്ത്രിക്കൊപ്പമുണ്ട്. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ആലപ്പുഴയിലെത്തിയ സംഘം ഗസ്റ്റ് ഹൗസില്‍ സംസ്ഥാനമന്ത്രിമാരായ ജി.സുധാകരന്‍, വി.എസ്.സുനില്‍ കുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് റോഡുമാര്‍ഗം കോമളപുരം ലൂതറന്‍ സ്കൂളിലെ ക്യാംപ് സന്ദര്‍ശിച്ചു. പിന്നീട് ബോട്ടില്‍ കുപ്പപ്പുറത്തെ ക്യാംപിലെത്തി സ്ഥിതി വിലയിരുത്തി.