വീട്ടുപകരണങ്ങൾക്ക് ഇനി വില കുറയും; 88 വസ്തുക്കളുടെ നികുതി പരിഷ്കരിച്ചു.

ഡല്‍ഹി: ഗാര്‍ഹിക ഉപകരണങ്ങളുടെ നികുതി 18 ശതമാനമാക്കി നിജപ്പെടുത്താന്‍ 28-ാം ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ടി.വി, ഫ്രിഡ്ജ്,വാക്വംക്ലീനര്‍, ഗ്രെയിന്റര്‍,ഹെയര്‍ ഡ്രെയര്‍,ഷേവർ, കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന റബർ റോളർ എന്നിവയുടെയെല്ലാം നികുതി ഇനി 18 ശതമാനമായി കുറയും.

പുതിയ നികുതി നിരക്കുകൾ ജൂലായ് 27 മുതൽ നിലവിൽ വരും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഉൽപന്നങ്ങളുടെ നികുതിനിരക്ക് പരിഷ്കരിക്കാൻ കേന്ദ്രം തയാറായത്. മിക്ക ഗാർഹികോപകരണങ്ങളുടെയും നികുതി 28ൽ നിന്ന് 18 ശതമാനമാക്കി. സാനിറ്ററി നാപ്കിൻ, രാഖി ഉൾപ്പടെയുള്ള കരകൗശല ഉല്പന്നങ്ങൾ എന്നിവയെ ജി.എസ്.ടിയുടെ പരിധിയിൽ നിന്ന് പൂര്‍ണമായി ഒഴിവാക്കി. പെയിന്‍റ്, ഗാര്‍ഹിക ഉപകരണങ്ങൾ എന്നിവ ഉൾപ്പടെ 50തിലധികം ഉല്പന്നങ്ങളുടെ നികുതിയും ജി.എസ്.ടി കൗണ്‍സിൽ കുറച്ചു.

12 ശതമാനം നികുതിയുണ്ടായിരുന്ന സാനിറ്ററി നാപ്കിനുകൾ ഇനി നികുതിയില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തും. രാഖി, കല്ല്, മാര്‍ബിൾ, മരം എന്നിവ കൊണ്ടുണ്ടാക്കുന്ന ചെറിയ ശില്പങ്ങളെയും കരകൗശല ഉല്പന്നങ്ങളെയും നികുതിയിൽ നിന്ന് ഒഴിവാക്കി. ചകിരിവളം, ചൂലുണ്ടാക്കുന്നതിനുള്ള പുല്ലിനും ഇനി നികുതി വേണ്ട.