ലോറി സമരത്തിനിടെ കല്ലേറ്; ക്ലീനര്‍ മരിച്ചു

പാലക്കാട്: ഇന്ന് പുലര്‍ച്ചെ വാളയാര്‍ ചെക്‌പോസ്റ്റില്‍ ലോറി സമരത്തിനിടെ പ്രതിഷേധക്കാരുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. കല്ലേറില്‍ ലോറി ഡ്രൈവര്‍ ബാഷയ്ക്ക് പരിക്കേറ്റു. മേട്ടുപ്പാളയത്തുനിന്നും ലോഡ് കേറ്റി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ലോറി സമരക്കാര്‍ തടഞ്ഞു. പിന്നീടുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് കല്ലേറുണ്ടായത്. മുബാറക്കിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ഡ്രൈവര്‍ ബാഷ അപകടനില തരണം ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
ഇന്ന് മുതല്‍ പച്ചക്കറി ലോറികളും തടയുമെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ലോറി ഓണേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.