ശബരിമലയില്‍ പ്ലാസ്റ്റിക് പൂര്‍ണ്ണമായി നിരോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്‌

കൊച്ചി: ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് പാടില്ലെന്നും എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക്കുകളുടെയും പൂര്‍ണ നിരോധനത്തിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച നിര്‍ദേശം അയല്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറാനും കോടതി നിരദേശിച്ചിട്ടുണ്ട്. അന്യ സംസ്ഥാന തീര്‍ത്ഥാടകരെ മുന്നില്‍ കണ്ടാണിത്. ഉത്തരവ് അടുത്ത മണ്ഡലകാലം മുതല്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെതാണ് നിര്‍ണായക ഉത്തരവ്.

ശബരിമലയിലെ ആചാരങ്ങള്‍ക്ക് അനുസൃതമായ പൂജാദ്രവ്യങ്ങളെ ഇരുമുടിക്കെട്ടില്‍ പാടുള്ളൂ. വെറ്റില, അടയ്ക്ക, നെയ് നിറച്ച നാളികേരം , കാണിക്ക, മഞ്ഞള്‍ പൊടി, അരി, ശര്‍ക്കര, അവില്‍, മലര്‍ എന്നിവയാണവ. സീസണിന് മുന്നോടിയായി വിളിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ മന്ത്രിമാരടങ്ങുന്ന സര്‍ക്കാര്‍ പ്രതിനിധി യോഗത്തില്‍ ഇക്കാര്യം അറിയിക്കും.