ഉദയകുമാർ ഉരുട്ടിക്കൊല:അഞ്ച് പോലീസുകാർ കുറ്റക്കാർ

തിരുവനന്തപുരം: ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ അഞ്ച് പോലീസുകാരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ആറ് പോലീസ് ഉദ്യോഗസ്ഥരായിരുന്നു കേസിലെ പ്രതികൾ. ഒരാൾ വിചാരണക്കിടെ മരിച്ചു. 13 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. 2005 സെപ്റ്റംബർ 27-നാണ് ഫോർട്ട് പോലീസ് സി.ഐ. ഇ.കെ.സാബുവിന്റെ ക്രൈംസ്‌ക്വാഡ് ഉദയകുമാറിനെ പിടികൂടിയത്. ഉദയകുമാറിന്റെ കൈവശം ഉണ്ടായിരുന്ന പണത്തെചൊല്ലിയുള്ള ചോദ്യം ചെയ്യലിനെത്തുടർന്നായിരുന്നു കൊലപാതകം.

പോലീസുകാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ, എസ്.ഐ. ടി.അജിത്കുമാർ, സി.ഐ. ഇ.കെ.സാബു, എ.സി. ടി.കെ.ഹരിദാസ് എന്നിവരായിരുന്നു പ്രതികൾ. പ്രതിയായ സോമൻ ഇതിനിടയിൽ മരണപ്പെട്ടു. ഒന്നും രണ്ടും പ്രതികളായ ജിതകുമാർ, ശ്രീകുമാർ എന്നിവർക്കെതിരായ കൊലക്കുറ്റം തെളിഞ്ഞു. രണ്ട് കേസുകളും സി.ബി.ഐ എടുത്തു.
2016 ഒക്ടോബറിലാണ് വിചാരണ ആരംഭിച്ചത്. ഒരുമിച്ചാണ് രണ്ട് കേസുകളും കോടതി വിചാരണ ചെയ്തത്. വിചാരണയ്ക്കിടെ മാപ്പുസാക്ഷികളടക്കം ഏഴ് സാക്ഷികൾ കൂറുമാറി. അവസാനഘട്ടത്തിലാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. തെളിവ് നശിപ്പിച്ചതിനും എഫ്.ഐ.ആർ.മാറ്റി മറിച്ചതിനും പോലീസുകാർ തന്നെ പ്രതികളായ അത്യപൂർവ്വമായ കേസുകൂടിയാണിത്.