വമ്പൻ ഓഫറുകളുമായി ബി എസ് എന്‍ എല്ലും എയർടെല്ലും

റിലയൻസ് ജിയോയുടെ ഹോം ബ്രോഡ് ബാൻഡ് സേവനങ്ങൾ വാണിജ്യ അടിസ്ഥാനത്തിൽ ലോഞ്ച് ചെയ്യുന്നതിനു മുൻപ് തന്നെ ഉപഭോക്തക്കള്‍ക്കായി വമ്പൻ ഓഫറുകൾ നൽകുകയാണ് രാജ്യത്തെ ഒന്നാം നിരയിലുള്ള കമ്പനിയായ ബിഎസ്എൻഎലും രണ്ടാം സ്ഥാനത്തുള്ള എയർടെല്ലും. ടെലികോം മേഖലയിലേക്ക് ജിയോയുടെ കടന്നു വരവോടെ സൃഷ്ടിക്കപ്പെട്ട യുദ്ധസമാനമായ സാഹചര്യം വരും മാസങ്ങളിൽ വയർ ബ്രോഡ്ബാൻഡ് മേഖലയിലും കാണാമെന്നാണ് റിപ്പോർട്ടുകൾ. ജിയോയുടെ സ്വപ്ന സംരംഭമായ ഫൈബർ ടു ദി ഹോം (എഫ് ടി ടി എച്ച്) സേവനങ്ങൾ ഈ വർഷമവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാകുമെന്നാണ് സൂചന.

2.5 ദശലക്ഷം വരുന്ന പരമ്പരാഗത ബ്രോഡ് ബാൻഡ് വരിക്കാരെ പിടിച്ചു നിർത്താൻ വലിയ ഓഫറുകളാണ് ഭാരതി എയർടെൽ രാജ്യത്താകമാനം നൽകിത്തുടങ്ങിയിരിക്കുന്നത്. സെക്കൻഡിൽ 300 മെഗാബൈറ്റ് വേഗത പ്രദാനം ചെയ്യുന്ന, ആറുമാസത്തേക്കും ഒരു വർഷത്തേക്കുമുള്ള ഹോം ബ്രോഡ് ബാൻഡ് പാക്ക് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് യഥാക്രമം 15 ശതമാനവും 20 ശതമാനവും വീതം ഇളവുകളാണ് കമ്പനി നൽകുന്നത്. കമ്പനിയുടെ സേവനം ലഭ്യമായ 89 നഗരങ്ങളിലാണ് ഈ ഓഫർ ലഭ്യമാക്കിയിരിക്കുന്നത്. അടുത്തിടെ വരെ ഹൈദരാബാദിൽ മാത്രമായിരുന്നു പദ്ധതി പ്രാബല്യത്തിലുണ്ടായിരുന്നത്. ഡാറ്റ പ്ലാൻ അൺലിമിറ്റഡാക്കുന്ന ഫെയർ യൂസേജ് പോളിസി കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും എയർടെൽ പദ്ധതിയിടുന്നുണ്ട്.