ആശങ്കയുയർത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്; സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതായി കെഎസ്ഇബി

ഇടുക്കി: മഴ തുടർന്നാൽ ഇടുക്കി ഡാം ഒരാഴ്ച്ചയ്ക്കുള്ളിൽ തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി . കണക്കുകൾ അനുസരിച്ച് ഇടുക്കി അണക്കെട്ട് ഏഴ് ദിവസത്തിനുള്ളിൽ തുറന്നുവിടേണ്ട സാഹചര്യമാണുള്ളത്. എന്നാൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാൽ അണക്കെട്ട് തുറക്കുന്നത് പരമാവധി ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കെഎസ്ഇബി ആദ്യ ജാഗ്രതാ നിർദ്ദേശം നേരത്തെ നൽകിയിരുന്നു. 10 അടി കൂടി ഉയർന്ന് ജലനിരപ്പ് 2400 അടിയിലെത്തിയാൽ ഡാം തുറക്കും. ജലനിരപ്പ് 2395 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കൺഡ്രാൾ റൂം തുറക്കും. 2400 അടിയിലെത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാക്രമീകരണങ്ങളെല്ലാം പൂർത്തിയായെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു. 1981ലും 1992ലും മാത്രമാണ് ഇടുക്കി ഡാം തുറന്നിട്ടുള്ളത്.