ബൈപ്പാസ് നടപടികൾ നിർത്തിവയ്ക്കാൻ കേന്ദ്രനിർദേശം

 

ഡൽഹി: കീഴാറ്റൂരിലെ നിർദിഷ്ട ബൈപ്പാസുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർദേശം നൽകി. അലൈൻമെൻറ് മാറ്റണമെന്ന വിദഗ്ധസമിതി റിപ്പോർട്ട് കേന്ദ്രം പരിഗണിക്കും. വയലുകളെയും തണ്ണീർത്തടങ്ങളെയും വെട്ടിമുറിക്കാതെ പാത ഒരു വശത്തേക്കു മാത്രമാക്കി രൂപരേഖയുണ്ടാക്കണമെന്നു കേന്ദ്ര സംഘം റിപ്പോർട്ട് നൽകിയിരുന്നു. താഴ്ന്ന പ്രദേശമായ കീഴാറ്റൂരിലെ വെള്ളക്കെട്ടൊഴിവാക്കാൻ എല്ലാ മാർഗങ്ങളും ഉറപ്പാക്കിയേ പദ്ധതി നടപ്പാക്കാവൂ എന്നും സംഘം നിർദേശിച്ചിരുന്നു.

100 മീറ്റർ വീതിയിൽ വയലിലൂടെ റോഡ് കടന്നു പോകുന്നത് പരിസ്ഥിതിയേയും കർഷകരെയും ബാധിക്കും. തണ്ണീർത്തടങ്ങളും കൃഷിയിടങ്ങളും സംരക്ഷിക്കാനുള്ള എല്ലാ സാധ്യതകളും വിലയിരുത്തണം. തണ്ണീർത്തട സംരക്ഷണത്തിനു പ്രത്യേക നിയമമുള്ള കേരളത്തിൽ ഇത്തരത്തിൽ ഒരു തീരുമാനമുണ്ടായത് ദുഖകരമാണെന്നു കേന്ദ്രസംഘം വിലയിരുത്തി.