ഇന്ത്യന്‍ ടീമിന് തലവേദനയായി കളിക്കാരുടെ പരിക്ക്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് കളിക്കാരുടെ പരിക്ക് പ്രശ്‌നമാകുന്നു. സ്പിന്നർ രവിചന്ദ്രൻ അശ്വിനും പരിക്കിന്റെ പിടിയിലായതോടെ ഇന്ത്യയുടെ ബൗളിങ് ദുർബ്ബലമാകും.
 പരിശീലനത്തിനിടയ്ക്കാണ് അശ്വിന് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് പേസർമാരായ ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും ആദ്യ ടെസ്റ്റിൽ മത്സരിക്കില്ല. ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നതിന് മുന്പാണ് ബുംറയ്ക്ക് പരിക്കേറ്റത്. പ്രധാനപ്പെട്ട ബൗളർമാരുടെ അഭാവത്തിൽ എസെക്‌സിനെതിരായ ത്രിദിന മത്സരത്തിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യൻ ബൗളിങ് ദുർബ്ബലമായി. ഇന്ത്യൻ ബൗളിങ്ങിലെ നെടുംതൂണാണ് അശ്വിൻ. സ്വന്തം മണ്ണിൽ അശ്വിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ നിന്ന് അശ്വിനും പിന്മാറിയാൽ ഇന്ത്യൻ ബൗളിങ് തീർത്തും ദുർബ്ബലമാകും. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ മുന്നൂറ് വിക്കറ്റ് നേടിയ താരമാണ് അശ്വിൻ.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഇടംകൈയൻ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രവീന്ദ്ര ജഡേജയാണ് ടീമിലെ മറ്റൊരു സ്പിന്നർ. അശ്വിൻ ആരോഗ്യം വീണ്ടെടുത്തില്ലെങ്കിൽ കുൽദീപ് യാദവിന് അവസാന ഇലവനിൽ സ്ഥാനം ലഭിക്കും. എഡ്ജ്ബാസ്റ്റണിൽ ആഗസ്റ്റ് ഒന്നിനാണ് ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ആരംഭിക്കുക.