പെരിയാറിന്റ തീരത്ത് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ

 കൊച്ചി: ഇടുക്കി ഡാമിൽ നിന്ന് വെള്ളം തുറന്ന് വിടുന്നതിന് മുൻപുള്ള ആദ്യ മുന്നറിയിപ്പ് ലഭിച്ചതോടെ പെരിയാർ കരകവിയാനുള്ള സാധ്യത മുൻ നിർത്തി കൂടുതൽ ക്രമീകരണങ്ങൾ നടത്തുന്നു. പെരിയാറിന്റെ തീരത്ത് ഏറ്റവും ജനവാസമുള്ള ആലുവ താലൂക്കിന്റെ പരിധിയിലാണ്  വെള്ളപൊക്ക കെടുതികൾ ഏറ്റവും രൂക്ഷമാകാൻ സാധ്യതയെന്നാണ് വിലയിരുത്തൽ.

 പെരിയാറിെന്റ  ഇരുകരകളിലുമായി  ആലുവ താലൂക്കിന് കീഴിൽ വരുന്ന 18വില്ലേജുകളിലാണ് ഡാം തുറന്ന് വിട്ടാൽ പ്രളയകെടുതികൾ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളത്.  അന്തിമ മുന്നറിയിപ്പ്  ലഭിക്കുന്നതോടെ പെരിയാറിന്റെ ഇരുകരകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ ജനങ്ങളോട് മാറാനാവശ്യപ്പെട്ട് മൈക്ക് അനൗൺസമെൻറ് നടത്തും. പോലീസും ഫയർഫോഴ്സും മൈക്ക് അനൗൺസ്മെൻറടക്കമുള്ള ക്രമീ കരണങ്ങൾ ഏർപെടുത്തി

ആലുവ ,അങ്കമാലി ഫയർ യൂണിറ്റുകളിലേക്ക് രക്ഷാപ്രവർത്തനത്തിനായിവാഹനവുമെത്തിച്ചു. ഉദ്രോഗസ്ഥരോട്  ജാഗരൂകരായിരിക്കാൻ നിർദ്ദേശം നൽകി. അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കും. എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശ്ശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇടുക്കിയിലും എത്തും.

കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാർഡ് എന്നിവ ജാഗരൂകരാകാനുള്ള  സന്ദേശം നൽകിക്കഴിഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം വായു സേനയുടെ  ഹെലികോപ്ടറും സദാ സജ്ജമാണ്. എറണാകുളത്തിന്റെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയാൽ വിന്യസിക്കാൻ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാർഡ് സംഘവും തയ്യാറാണ്. ഇപ്പോൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല. അതാത് സമയങ്ങളിൽ ആവശ്യമായ നിർദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകും. 2013 ൽ ഇടമലയാർ ഡാം തുറന്നതിനെ തുടർന്ന് പെരിയാറിന്റെ ഇരുകരകളിലെയും താഴന്ന പ്രദേശങ്ങൾ വെള്ളത്തിലായിരുന്നു.