നിമിഷയുടെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചു

കൊച്ചി:വാഴക്കുളത്ത് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ
പിടിയിലായ ഇതരസംസ്ഥാന തൊഴിലാളി കുറ്റം സമ്മതിച്ചു.  ഇന്ന് രാവിലെ അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷയാണ്  മോഷണ ശ്രമത്തിനിടെ കുത്തേറ്റ് മരിച്ചത്.  ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി വാണ് പിടിയിലായത്.   മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകമെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കൃത്യം നടക്കുന്ന സമയം ബിജു മദ്യലഹരിയില്‍ ആയിരുന്നു. ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പ്രതിയോടൊപ്പം താമസിക്കുന്നവരെയും ചോദ്യം ചെയ്യുന്നുണ്ട്.

രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. വീട്ടിലെത്തിയ ബിജു മുത്തശ്ശിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ നിമിഷ പച്ചക്കറി മുറിച്ചുകൊണ്ടിരുന്ന കത്തി പിടിച്ചുവാങ്ങി കഴുത്തില്‍ കുത്തുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുമ്പോള്‍ പിതാവിനും കുത്തേറ്റു. ബഹളം കേട്ട് ഓടിവന്ന് രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിക്കും നിമിഷയുടെ അച്ഛന്റെ സഹോദരനും പരിക്കേറ്റിട്ടുണ്ട്.

വീടിന് സമീപം ജോലി ചെയ്യുകയായിരുന്ന ലോഡിങ് തൊഴിലാളികളാണ് നിമിഷയെ ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിന് വെട്ടേറ്റ നിമിഷ ആശുപത്രിയിലെത്തി അല്പസമയത്തിനകം മരിച്ചു. ഓടി രക്ഷപെടാന്‍ ശ്രമിച്ച അക്രമിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്. പെരുമ്പാവൂര്‍ താലൂക്കാശുപത്രിയിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.