വനത്തിൽ ട്രക്കിങ്ങിനു പോയ യുവാവ് മലയിൽ നിന്നു വീണു മരിച്ചു

പാലക്കാട്: വനത്തിൽ ട്രക്കിങ്ങിനു പോയ യുവാവ് തിരിച്ചിറങ്ങുന്നതിനിടെ മലയിൽ നിന്നു വീണു മരിച്ചു. എലപ്പുള്ളി എടുപ്പുകുളത്ത് പരേതനായ അപ്പുക്കുട്ടന്റെ മകൻ കൃഷ്ണദാസ് (29) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലിന് കഞ്ചിക്കോട് കൊട്ടാമുട്ടി വടശ്ശേരിമലയിൽ വഴുക്കൽ പാറയിലായിരുന്നു സംഭവം.

രണ്ടുദിവസം മുൻപാണ് ഏഴംഗസംഘം വടശ്ശേരിമലയിൽ ട്രക്കിങ്ങിനു പോയത്. തിങ്കളാഴ്ച വൈകിട്ടോടെ ട്രക്കിങ് അവസാനിപ്പിച്ച് വനത്തിലൂടെ മടങ്ങുന്നതിനിടെ കൃഷ്ണദാസ് കാൽവഴുതി താഴേക്കു വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പാറക്കെട്ടിൽ തലയടിച്ചു വനത്തിനുള്ളിലെ മരക്കൂട്ടത്തിൽ തങ്ങിനിന്ന ഇദ്ദേഹത്തെ സുഹൃത്തുക്കളാണ് താഴെയിറക്കിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൃഷ്ണദാസ് എലപ്പുള്ളിയിലെ വെൽഡിങ് ജീവനക്കാരനാണ്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു