സൗദിയിലേക്ക് ഇറച്ചി കയറ്റി വിടാൻ പുതിയ കടമ്പ: ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു

റിയാദ്: ഇറക്കുമതി ചെയ്യുന്ന മാംസത്തിന് സൗദ്യഅേറബ്യ ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു. സൗദി ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുസ്ലീം വേൾഡ് ലീഗ് മാത്രമാണ് ലോകത്ത് ഹലാൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന അംഗീകൃത ഏജൻസി.

സൗദിയിലേക്ക് കാലികളുടെയും കോഴികളുടെയും മാംസം ഇറക്കുമതി ചെയ്യുന്നതിന് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റി അറിയിച്ചു. രാജ്യത്ത് 2200 കോടി റിയാലിന്റെ ഹലാൽ ഫുഡ് വിപണനമാണ് ഒരു വർഷം നടത്തുന്നത്. ഏഴ് ശതമാനം വളർച്ചയും ഹലാൽ ഫുഡ് വിപണിയിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷക്കുമാണ് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്.

ഹലാൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മുസ്ലീം വേൾഡ് ലീഗ് വിദേശ രാഷ്ട്രങ്ങളിലെ നിരവധി കശാപ്പുശാലകൾക്കും എക്‌സ്‌പോർട്ട് സ്ഥാപനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടായി ഹലാൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന മുസ്ലീം വേൾഡ് ലീഗിന് ആഗോളതലത്തിൽ ഓഫീസുകളും പരിശോധനയ്ക്ക് ഉദ്യോഗസ്ഥരും ഉണ്ട്. കശാപ്പ് ചെയ്തു തയ്യാറാക്കുന്ന മാംസാഹാര വ്യവസായം നിരീക്ഷിക്കുന്നതിന് മുസ്ലീം വേൾഡ് ലീഗിനു കീഴിൽ പ്രത്യേക കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനമാണ് ഹലാൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്.