പ്രവാസികൾക്ക് ജോലി മാറാൻ സൗദി തൊഴിൽ മന്ത്രാലയത്തിന്റെ അനുമതി

റിയാദ്: സൗദി അറേബ്യയിലെ പ്രവാസി തൊഴിലാളികൾക്ക് ബുധനാഴ്ച മുതൽ ജോലിമാറാൻ തൊഴിൽ മന്ത്രാലയത്തിന്റെ അനുവാദം. ഒരുവർഷംമുമ്പ് നിർത്തിവെച്ച ഈ പദ്ധതി പുനരാംരംഭിക്കാൻ കഴിഞ്ഞയാഴ്ചയാണ് മന്ത്രാലയം തീരുമാനിച്ചത്. എന്നാൽ ഡോക്ടർ, എൻജിനീയർ, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് മാറുന്നവർ തൊഴിൽമന്ത്രാലയവുമായി ബന്ധപ്പെടണം. മറ്റു തസ്തികകളിൽ ജോലിചെയ്യുന്നവർക്ക്് ഓൺലൈൻ വഴി ജോലിമാറ്റാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

പ്രൊഫഷണൽ പ്രാക്ടീസ് സർട്ടിഫിക്കറ്റ് ആവശ്യമുള്ള ജോലികളിലേക്ക് മാറ്റം ആഗ്രഹിക്കുന്നവർ തൊഴിൽമന്ത്രാലയത്തിന്റെ പ്രവിശ്യാ ഓഫീസുകളെ നേരിട്ട് സമീപിക്കണം. സൗദി കമ്മിഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം ഡോക്ടർ, നഴ്‌സ്, പാരാമെഡിക്കൽ തസ്തികകളിലേക്ക് ജോലിമാറ്റുന്നവർ .

എൻജിനീയർമാർ സൗദി കൗൺസിൽ ഓഫ് എൻജിനിയേഴ്‌സിലും അക്കൗണ്ടന്റ്, ഓഡിറ്റർ തുടങ്ങിയ തസ്തികകളിലേക്ക് മാറുന്നതിന് സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സിലും രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും തൊഴിൽപരിചയ രേഖകളുമായി തൊഴിൽമന്ത്രാലയം ഓഫീസുകളെ സമീപിക്കുന്നവർക്ക് അഞ്ച് പ്രവൃത്തിദിവസത്തിനകം തൊഴിൽ മാറ്റിനൽകും. അതേസമയം, മറ്റു തസ്തികകളിലേക്ക് മാറുന്നതിന് നേരിട്ട് സമീപിക്കേണ്ടതില്ലെന്നും തൊഴിലുടമകൾക്കുതന്നെ മാറ്റാൻകഴിയുമെന്നും തൊഴിൽമന്ത്രാലയം വ്യക്തമാക്കി. ഗാർഹികതൊഴിലാളികൾക്ക് സ്വകാര്യസ്ഥാപനങ്ങളിലേക്ക് തൊഴിൽമാറ്റം അനുവദിക്കില്ല.