ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച് വിമാനക്കമ്പനികൾ

ദുബായ്; അവധിക്കും ആഘോഷങ്ങൾക്കുമായി നാട്ടിലേക്കു പോകുന്നവരുടെ എണ്ണം വർധിച്ചതോടെ വിമാനക്കമ്പനികൾ  ടിക്കറ്റ് നിരക്കുകളിൽ വർദ്ധനവുവരുത്തി. ബജറ്റ് സർവീസുകളുടെയടക്കം നിരക്ക് കൂട്ടി. ചില വിമാനങ്ങളിൽ മടക്കയാത്രയ്ക്ക് അടുത്തമാസം അവസാനം വരെ ഇക്കോണമി ക്ലാസിൽ സീറ്റില്ല. ഓഗസ്റ്റ് ഒന്നുമുതൽ നിരക്കിൽ പ്രകടമായ വർധനയുണ്ട്. ദുബായിൽനിന്നു കൊച്ചിയിലേക്ക് എയർ ഇന്ത്യക്ക് 800 ദിർഹമാണ് ശരാശരി നിരക്ക്. ജെറ്റ് എയർവേയ്സ് 790, ഇൻഡിഗോ 690, സ്പൈസ് ജെറ്റ് 715, ഫ്ലൈ ദുബായ് 765, എയർ അറേബ്യ 1310 എന്നിങ്ങനെയും. എമിറേറ്റ്സ് ആണെങ്കിൽ നിരക്ക് 1700നു മുകളിലാകും.

എക്സ്പ്രസിൽ ബാഗേജിന്റെ കാര്യത്തിൽ 20 കിലോയുടെയും 30 കിലോയുടെയും രണ്ടു പാക്കേജുകളുണ്ട്. 20 കിലോയാണെങ്കിൽ ടിക്കറ്റ് നിരക്ക് 30 മുതൽ 100 ദിർഹം വരെ കുറയും. ദിനംപ്രതി നിരക്കിൽ ചെറിയതോതിലുള്ള ഏറ്റക്കുറച്ചിൽ ഉണ്ടാകും. കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ 840 ദിർഹം മുതലാണു നിരക്ക്.സെപ്റ്റംബറോടെ നിരക്കിൽ കുറവുണ്ടാകും.

ചില ദിവസങ്ങളിൽ ആയിരത്തിനു മുകളിലും. എയർ ഇന്ത്യ 910, ഷാർജയിൽനിന്നാണെങ്കിൽ 1040 എന്നിങ്ങനെയാണ് തുക. സ്പൈസ് ജെറ്റിൽ 700നും ഇൻഡിഗോയിൽ 760നും എയർ അറേബ്യയിൽ 1300നും മുകളിലാണ് ശരാശരി നിരക്ക്. വ്യാഴാഴ്ചകളിലും വെള്ളിയാഴ്ച പുലർച്ചെയുള്ള സർവീസുകളിലുമാണ് ഏറ്റവും കൂടുതൽ തിരക്ക്. തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ 860 ദിർഹം മുതലാണ് നിരക്ക്. ഇൻഡിഗോ 850, ഫ്ലൈ ദുബായ് 1125, ഷാർജ തിരുവനന്തപുരം ഇൻഡിഗോ 850, എയർ അറേബ്യ 1035 എന്നിങ്ങനെയും. ഓഗസ്റ്റ് അവസാനം മടങ്ങാൻ തിരുവനന്തപുരത്തേക്കുള്ള എമിറേറ്റ്സ് ടു വേ ടിക്കറ്റിനു ശരാശരി 3755 ദിർഹമാണ് നിരക്ക്. അങ്ങോട്ട് ഇക്കോണമി ക്ലാസിലും ഇങ്ങോട്ട് ബിസിനസ് ക്ലാസിലുമുള്ള നിരക്കാണിത്.

പല ദിവസങ്ങളിലും ഇങ്ങോട്ട് ഇക്കോണമി ക്ലാസിൽ ടിക്കറ്റ് കിട്ടാനില്ല. എയർ ഇന്ത്യ എക്സ്പ്രസ് 3420, ഇൻഡിഗോ 2780, ഷാർജയിൽ നിന്നുള്ള എയർഇന്ത്യ 3725, എയർ അറേബ്യ 3900 എന്നിങ്ങനെയും. എയർ ഇന്ത്യയിലും പല ദിവസങ്ങളിലും ഇക്കോണമി ക്ലാസിൽ മടക്കയാത്രയ്ക്കു ടിക്കറ്റ് കിട്ടാനില്ല. കൊച്ചിയിലേക്കും തിരികെയുമുള്ള ടു വേ ടിക്കറ്റിന് ജെറ്റ് എയർവെയ്സിൽ 3655, എയർ ഇന്ത്യ 2845, എയർ ഇന്ത്യാ എക്സ്പ്രസ് 3160, ഇൻഡിഗോ 3021, സ്പൈസ് ജെറ്റ് 3340, എയർ അറേബ്യ 4000 എന്നിങ്ങനെയാണ് ഏകദേശ നിരക്ക്. എമിറേറ്റ്സിൽ ഇങ്ങോട്ട് ബിസിനസ് ക്ലാസ് ആണെങ്കിൽ 5400നു മുകളിൽ നൽകണം. കോഴിക്കോട്ടേക്കുള്ള ടു വേ ടിക്കറ്റിന് എയർ ഇന്ത്യ 2975, എയർ ഇന്ത്യ എക്സ്പ്രസ് 2810, ഇൻഡിഗോ 3030, സ്പൈസ് ജെറ്റ് 2515, എയർ അറേബ്യ 3965 എന്നിങ്ങനെയാണ് ശരാശരി നിരക്ക്.