ഫ്ലൈറ്റ് വൈകിയപ്പോൾ കളിക്കാനിറങ്ങി; 7 ഓവറിൽ 7 മെയ്ഡൻ, 7 വിക്കറ്റുകളും വീഴ്ത്തി നരൈൻ

ഇന്ത്യൻ പ്രീമിയർ ലീഗിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഞെട്ടിക്കുന്ന ബോളിംഗ് പ്രകടനവുമായി സുനിൽ നരൈൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏറെ ആവേശം സമ്മാനിക്കുന്ന പ്രകടനം.

ടി20 ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്പിൻ ബോളർമാരിൽ ഒരാളാണ് വെസ്റ്റിൻഡീസിന്റെ സുനിൽ നരൈൻ (Sunil Narine) . നിലവിൽ വെസ്റ്റിൻഡീസ് ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ലോകത്തെ വിവിധ ഫ്രാഞ്ചൈസി ലീഗുകളിലെ സജീവ സാന്നിധ്യമാണ് ഈ മുപ്പത്തിനാലുകാരൻ. അടുത്തതായി ഇന്ത്യൻ പ്രീമിയർ ലീഗിലാണ് താരം കളിക്കുക. ടൂർണമെന്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കുന്തമുനയാണ് അദ്ദേഹം.

ഐപിഎല്ലിനായി ഇന്ത്യയിലേക്ക് പറക്കുന്നതിന് മുൻപ് ഇപ്പോളിതാ ഞെട്ടിപ്പിക്കുന്ന ഒരു ബോളിംഗ് പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് നരൈൻ‌. ഇന്ത്യയിലേക്ക് യാത്ര തിരിക്കാനുള്ള തന്റെ വിമാനം വൈകിയതോടെയാണ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ ക്രിക്കറ്റ് ബോർഡിന്റെ പ്രീമിയർഷിപ്പ് ഡിവിഷൻ മത്സരം കളിക്കാൻ താരം തീരുമാനിക്കുകയും ഒരു ഉജ്ജ്വല പ്രകടനം കാഴ്ച വെക്കുകയുമായിരുന്നു.

പോർട്ട് ഓഫ് സ്പെയിനിലെ സെന്റ് ക്ലെയറിൽ ക്ലർക്ക് റോഡ് യുണൈറ്റഡിനെതിരെ ക്വീൻസ് പാർക്ക് ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടിയാണ് നരൈൻ കളിക്കാനിറങ്ങിയത്. യാതൊരു പ്ലാനിംഗുമില്ലാതെ കളിക്കാനെത്തിയ നരൈന്റെ സ്വപ്ന തുല്യമായ സ്പെല്ലാണ് മത്സരത്തിൽ കണ്ടത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 7 ഓവറുകളെറിഞ്ഞ നരൈൻ 7 വിക്കറ്റുകളാണ് വീഴ്ത്തിയത്‌. ഈ 7 ഓവറുകളിലും ഒരൊറ്റ റൺസ് പോലും താരം വഴങ്ങിയതുമില്ല. അതായത് 7 മെയ്ഡൻ ഓവറുകളായിരുന്നു നരൈനെറിഞ്ഞത്. നരൈൻ റെക്കോർഡ് പ്രകടനവുമായി മിന്നിയപ്പോൾ എതിരാളികൾ വെറും 76 റൺസിന് ഓളൗട്ടായി.

ഐപിഎൽ ആരംഭിക്കാനിരിക്കെ സുനിൽ നരൈൻ നടത്തിയ ഈ മിന്നും പ്രകടനം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആരാധകർക്ക് സമ്മാനിക്കുന്ന ആവേശം ചെറുതൊന്നുമല്ല. ഈ ഫോം ഐപിഎല്ലിലും തുടരാൻ നരൈനായാൽ തങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാകുമെന്ന വിശ്വാസത്തിലാണ് അവർ‌.

അതേ സമയം ഐപിഎല്ലിന്റെ 2023 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കുക നരൈനായിരിക്കുമെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. ടീമിന്റെ നായകനായ ശ്രേയസ് അയ്യർ നിലവിൽ പരിക്കിന്റെ പിടിയിലാണ്. അയ്യർക്ക് പരിക്ക് മൂലം ഐപിഎല്ലിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരികയാണെങ്കിൽ നരൈന് നായകനാവാനുള്ള നറുക്ക് വീഴുമെന്നാണ് റിപ്പോർട്ടുകൾ.

ഈ മാസം 31 നാണ് ഐപിഎല്ലിന്റെ പതിനാറാം പതിപ്പിന് തുടക്കമാകുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും, ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആദ്യ മത്സരം ഏപ്രിൽ ഒന്നിനാണ്. പഞ്ചാബ് കിംഗ്സാണ് ഈ കളിയിൽ അവരുടെ എതിരാളികൾ.