അനധകൃത താമസകാർക്ക് രക്ഷപ്പെടാൻ അവസരവുമായി യുഎഇയിൽ പൊതുമാപ്പ്

ദുബായ്: പൊതുമാപ്പിന്റെ ആനുകൂല്യം പ്രധാനമായും ലഭിക്കുക കൃത്യമായ മാർഗങ്ങളിലൂടെ യു.എ.ഇ.യിൽ എത്തുകയും എന്നാൽ മതിയായ താമസരേഖകളില്ലാതെ താമസിക്കുന്നവർക്കുമായിരിക്കും. പാസ്പോർട്ട് തൊഴിലുടമയുടെയോ സ്പോൺസറുടെയോ കൈവശമായിപ്പോയവർക്ക് ക്യാമ്പിൽലെത്തി രേഖകൾ ശരിയാക്കാം. എന്നാൽ സാമ്പത്തിക ക്രമക്കേടുകളിലും പൊലീസ് കേസുകളിലും പെട്ടവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. ഇവർ ബന്ധപ്പെട്ട കോടതികളിലോ പോലീസ് സ്റ്റേഷനുകളിലോ പോയി കേസുകൾ അവസാനിപ്പിച്ച ശേഷം താമസരേഖകളിൽ പ്രശ്നമുണ്ടെങ്കിൽ അത് ശരിയാക്കിയെടുക്കാനാവും. നിയമവിരുദ്ധ മാർഗങ്ങളിലൂടെ യു.എ.ഇ.യിൽ പ്രവേശിച്ചവർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ഇപ്പോൾ ലഭിക്കില്ല

ക്യാമ്പിൽ എത്തുന്നവർ പാസ്പോർട്ട് കൈവശം കരുതണം. ഇല്ലാത്തവരുടെ കാര്യം പ്രത്യേകം പരിഗണിക്കും. സ്പോൺസറുടെ കൈവശമാണ് പാസ്പോർട്ട് ഉള്ളതെങ്കിൽ അത് വാങ്ങിച്ചെടുക്കുന്നതും ക്യാമ്പിൽ സാധ്യമാകും. രേഖകൾ പരിശോധിക്കാനും ശരിപ്പെടുത്താനുമായി ഇമിഗ്രേഷൻ വകുപ്പ് ഒമ്പത് കേന്ദ്രങ്ങൾ തുറക്കുന്നുണ്ട്. ഇമിഗ്രേഷൻ സഹായം ലഭ്യമാക്കാനായി പൊതുമാപ്പ് സമയത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. 8005111 എന്ന നമ്പറിൽ ആർക്കും എപ്പോഴും പ്രശ്നങ്ങൾ വിളിച്ചുപറയാം. പ്രശ്നങ്ങളുടെ ഗൗരവമനുസരിച്ച് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മറുപടിയും ലഭിക്കും.   വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.