ഇടുക്കി അണക്കെട്ട്‌: ട്രയല്‍ റണ്‍ സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി മാത്യു ടി തോമസ്

തിരുവനന്തപുരം: ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.50 അടിയായി ഉയര്‍ന്നെങ്കിലും   ട്രയല്‍ റണ്‍ സാഹചര്യം ഇപ്പോഴില്ലെന്ന് ജലവകുപ്പ് മന്ത്രി മാത്യു ടി തോമസ് അറിയിച്ചു.  ജലനിരപ്പ് ക്രമാതീതമായി കൂടുകയാണെങ്കില്‍ മാത്രമെ ട്രയല്‍ റണ്‍ നടത്തുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. വൈകീട്ട് മൂന്ന് മണിക്കുള്ള റീഡിംഗ് അനുസരിച്ചാണ് വെള്ളം 2395.50 അടിയിലെത്തിയിരിക്കുന്നത്.

ഒരു മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രമാണ് ഉയരുന്നത്. അതായത്,  പതിനേഴ് മണിക്കൂറില്‍ ഉയര്‍ന്നത് 0.44 അടി വെള്ളം മാത്രം. അതുകൊണ്ട് തന്നെ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. വെള്ളം ഉയരുന്ന സാഹചര്യം ഉണ്ടെങ്കില്‍ മാത്രമെ ട്രയല്‍ റണ്‍ നടത്തുകയൊള്ളു. പകല്‍ സമയത്ത് ഷട്ടര്‍ തുറക്കുകയാണെങ്കില്‍ ജനങ്ങളെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍,  ഇടുക്കി ഡാം തുറക്കേണ്ടി വരില്ലെന്ന നലപാടിലാണ് കെഎസ്ഇബി. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായി കെഎസ്ഇബി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ചെറുതോണിയിലും സമീപപ്രദേശങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി. കലക്ടര്‍ ജീവന്‍ ബാബു, റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും റവന്യു ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് അധികൃതരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അതേസമയം, അണക്കെട്ടു തുറന്നാൽ ഏതു സാഹചര്യത്തെയും നേരിടാൻ തയാറാണെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. കൂടുതൽ വെള്ളം ഒന്നിച്ചൊഴുകി വരാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.