ജലനിരപ്പ് 2395.80 അടി; വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.80 അടിയായി ഉയര്‍ന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും  മഴ തുടരുകയാണ്. അതേസമയം അണക്കെട്ടില്‍ ജലനിരപ്പ് 2400 അടിയെത്തിയതിന് ശേഷം മാത്രം തുറന്നാല്‍ മതിയെന്ന നിലപാടിലാണ് ഡാം സേഫ്റ്റി ആന്‍ഡ് റിസര്‍ച്ച് എന്‍ജിനീയറിംഗ് വിഭാഗം.

നിലവിലെ സ്ഥിതിയില്‍ 2400 അടി എത്താന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് കരുതുന്നത്. രണ്ട് ദിവസം കൊണ്ടാണ് ഒരടി വെള്ളം കൂടിയത്. മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉത്പാദനം കൂട്ടിയതും ജലനിരപ്പ് കൂടുന്നത് സാവധാനത്തിലാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഡാം ഉടനേ തുറക്കേണ്ടി വരില്ല. അതേ സമയം ഓറഞ്ച് അലര്‍ട്ട് തുടരുന്ന സാഹ ചര്യത്തില്‍ നാലു പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.