ഉത്തരകൊറിയ മിസൈൽ നിർമ്മാണം തുടരുന്നുവെന്ന് അമേരിക്ക

വാഷിങ്ടൺ: വാഗ്ദാനം ലംഘിച്ച് ഉത്തരകൊറിയ വീണ്ടും പുതിയ മിസൈലുകൾ വികസിപ്പിക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് ഉത്തരകൊറിയയുടെ നീക്കത്തെക്കുറിച്ച് അമേരിക്കയ്ക്ക് വിവരം ലഭിച്ചത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉന്നും തമ്മിൽ ജൂണിൽ സിംഗപ്പുരിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉത്തരകൊറിയയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. ഉത്തരകൊറിയ മേലിൽ ആണവഭീഷണി ഉയർത്തില്ലെന്ന് സിംഗപ്പുർ കൂടിക്കാഴ്ചയ്ക്കു ശേഷം ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കിം ഇതു സംബന്ധിച്ച പരസ്യവാഗ്ദാനങ്ങളൊന്നും നൽകിയിരുന്നില്ല. പ്യോഗ്യാഗിനു പുറത്തുളള സാനംഡോംഗിലെ ഫാക്ടറികളിലാണ് മിസൈലുകൾ നിർമ്മിക്കുന്നത്.

സിംഗപ്പൂർ ഉച്ചകോടിക്ക് പിന്നാലെ ഉത്തരകൊറിയ അണ്വായുധം പരീക്ഷിക്കുന്ന പുംജിയേരി സൈറ്റ് പൊളിച്ചു കളഞ്ഞിരുന്നു. മിസൈലുകൾ വിക്ഷേപിക്കുന്ന സൊഹായിലെ കേന്ദ്രവും പൊളിച്ചു കളഞ്ഞുകൊണ്ടിരിക്കുകയാണ്. സൊഹായിലെ മിസൈൽ വിക്ഷേപണകേന്ദ്രം പൊളിക്കുന്നത് കണ്ണിൽ പൊടിയിടാനുളള തന്ത്രം മാത്രമായിരിക്കാമെന്നും ഏതു നിമിഷവും ഉത്തരകൊറിയക്ക് ഇവിടെ പുനർനിർമ്മിക്കാനാകുമെന്നും പറയപ്പെടുന്നു.