ടിടിഎസിനെ മറികടന്ന് റിലയൻസ്

മുംബൈ: ടാറ്റാ കൺസൾട്ടൻസി സർവീസസിനെ പിന്തളളി കമ്പോളമൂല്യത്തിന്റെ കാര്യത്തിൽ റിലയൻസ് വീണ്ടും മുന്നിലെത്തി. ഇന്നലെ റിലയൻസ് ഓഹരികളുടെ വില 3.1 ശതമാനം കയറി 1185.85 ആയപ്പോൾ കമ്പോളമൂല്യം 7.51 ലക്ഷം കോടി രൂപയായി. അതേ സമയം ടിസിഎസ് ഓഹരിവില 0.19 ശതമാനം താണ് 1941.25 രൂപയായി. അപ്പോൾ ടിസിഎസിന്റെ കമ്പോളമൂല്യം 7.43 ലക്ഷം കോടി രൂപ.

ഏപ്രിൽ-ജൂൺ കാലയളവിൽ റിലയൻസ് 9459 കോടി രൂപയുടെ റിക്കാർഡ് ലാഭം കുറിച്ചു. റിലയൻസ് ജിജോയും റിലയൻസ് റീട്ടെയിലും പ്രതീക്ഷച്ചതിലും മികച്ച ലാഭം നേടി. ഇത് റിലയൻസ് ഓഹരികൾ കൂടാൻ കാരണമായി. പെട്രോകെമിക്കൽ രംഗത്ത് റിലയൻസിന്റെ ലാഭം 35 ശതമാനമായി വർധിച്ചു. റിലയൻസിന്റെ ത്രൈമാസ വിറ്റുവരവ് 56.5 ശതമാനം വർധിച്ച് 1.4 ലക്ഷം കോടി രൂപയായി.

ടിടിഎസിൽ 24 ശതമാനമാണ് ലാഭ വർധന. 7340 കോടി രൂപയാണ് ടിടിഎസിന്റെ അറ്റാദായം. റിലയൻസിന്റെ ഉയർച്ചയുടെ ബലത്തിൽ ഓഹരി സൂചികകൾ ഇന്നലെ പുതിയ റിക്കാർഡ് ഉയരത്തിലെത്തി. സെൻസെക്‌സ് 112.18 പോയിന്റ് ഉയർന്ന് 37606.58ൽ ക്ലോസ് ചെയ്തു.