ഇന്നു മുതൽ യു.എ.യിൽ പൊതുമാപ്പ്

ദുബായ്: മതിയായ രേഖകളില്ലാതെ അനധിക്യതമായി രാജ്യത്ത് താമസിക്കുന്ന വിദേശികൾക്കായി യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ബുധനാഴ്ച തുടങ്ങുന്നു. ‘രേഖകൾ ശരിയാക്കൂ, സ്വയം സംരക്ഷിക്കൂ’ എന്ന സന്ദേശവുമായാണ് ഈ സൗകര്യം ഒരുക്കിയത്. ശിക്ഷാനടപടികളില്ലാതെ, ചെറിയ ഫീസ് നൽകി രേഖകൾ ശരിയാക്കി നാട്ടിലേക്ക് പോകാനോ യു.എ.ഇ.യിൽത്തന്നെ തുടരാനോ അനുവദിക്കുന്നതാണ് പൊതുമാപ്പ് സംവിധാനം. 1996-ലാണ് യു.എ.ഇ. നിയമലംഘകർക്കായി ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചത്.

ആറുവർഷത്തിനുശേഷമാണ് യു.എ.ഇ.യിൽ പൊതുമാപ്പ് നിലവിൽവരുന്നത്. ഇത്തവണ പൊതുമാപ്പ് തേടുന്ന ഇന്ത്യക്കാരുടെ എണ്ണം മുൻകാലങ്ങളിലേതിനെക്കാൾ കുറവായിരിക്കുമെന്നാണ് യു.എ.ഇ. ഇമിഗ്രേഷൻ അധികൃതരുടെ നിഗമനം. രാജ്യത്തേക്ക് അനധികൃതമായി എത്തിയവർക്ക് പൊതുമാപ്പിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കില്ല. വിസാ കാലാവധി കഴിഞ്ഞും യു.എ.ഇ യിൽ തങ്ങുന്നവർക്ക് പൊതുമാപ്പിലൂടെ രേഖകൾ ശരിയാക്കിയാൽ പുതിയ ജോലി കണ്ടെത്തുന്നതിന് ആറുമാസത്തെ വിസ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. എന്നാൽ, പൊതുമാപ്പിന് ശേഷവും താമസരേഖകൾ ശരിയാക്കാതെ രാജ്യത്ത് തുടരുന്നവർക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരും.