ഹജ്ജ് തീർത്ഥാടകർക്ക് വഴി കാട്ടിയായി ‘മനാസികാന’ മൊബൈൽ ആപ്ലിക്കേഷൻ

ഹജ്ജ് തീർഥാടകർക്കായി മാർഗ്ഗ നിർദ്ദേശം നൽകുന്നതിനായി മൊബൈൽ ആപ്ലിക്കേഷന്റെ പുതിയ വേർഷൻ പുറത്തിറക്കി. പ്ലേ സ്റ്റോറിൽ മനാസികാന എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ബംഗാളി, ഉറുദു, ടർക്കിഷ്, മലായ് തുടങ്ങി ഏഴ് ഭാഷകളിൽ ഉപയോഗിക്കാൻ കഴിയുന്ന ‘മനാസികാന’ ആപ്ലിക്കേഷൻ സൗദിയിലെത്തുന്ന തീർഥാടകർക്ക് ആവശ്യമായ മുഴുവൻ മാർഗ നിർദേശങ്ങളും സഹായവും നൽകും.

മക്ക, മദീന, ജിദ്ദ നഗരങ്ങളുടെ വിശദമായ ഭൂപടം കൃത്യമായ സഞ്ചാരത്തിന് തീർഥാടകരെ സഹായിക്കും. മാപ് ഡൗൺലോഡ് ചെയ്താൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും ഉപയോഗിക്കാൻ കഴിയും.പുണ്യ സ്ഥലങ്ങൾ, ഹറം അതിർത്തി, മിന, അറഫ, മുസ്ദലിഫ എന്നിവയുടെ അതിർത്തിയിലാണോ തീർഥാടകർ ഉളളതെന്നത് ഉൾപ്പെടെയുളള വിവരങ്ങൾ ആപ്ലിക്കേഷൻ വഴി അറിയാൻ കഴിയും. ഹജ്ജ് അനുഷ്ഠാനങ്ങൾ, ബസുകളുടെ സമയക്രമം, ജംറകളിലെ കല്ലേറിന് ഓരോ രാജ്യങ്ങൾക്കും നിശ്ചയിച്ചിട്ടുളള സമയം എന്നിവയും ആപ്ലിക്കേഷനിൽ ലഭ്യമാണ്. ഹജ്ജ് കാര്യ മന്ത്രി ഡോ.മുഹമ്മദ് സാലിഹ് താഹിർ ബൻതാൻ പുതിയ ആപ്ലിക്കേഷന്റെ പ്രകാശനം നിർവ്വഹിച്ചത്.