സാമ്പത്തിക തട്ടിപ്പ് കേസിൽ എസ് ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയതിന് ഇന്ത്യൻ റിസർവ് ബറ്റാലിയൻ എസ് ഐ ഷിജു സി എസിനെ സസ്പെൻഡ് ചെയ്തു. തലയോലപ്പറമ്പിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയാക്കി തരാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. പ്രതിപക്ഷനേതാവുമായി അടുപ്പമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പലരിൽനിന്നായി ലക്ഷങ്ങളുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. രമേശ് ചെന്നിത്തലയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും ഇതിനായി ഇയാൾ ഉപയോഗിച്ചിരുന്നു.

കുളത്തൂപ്പുഴ സ്വദേശി ഫ്രെഡ്ഡി ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് നടപടി. ഇയാൾക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ ക്യാമ്പ് ഡി ഐ ജി നിർദേശം നൽകി. നിരവധി പോലീസുകാരും ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഷിജു പേഴ്സണൽ സ്റ്റാഫ് അംഗമല്ലെന്നും നേരത്തെ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നെന്നും രമേശ് ചെന്നിത്തലയുടെ ഓഫീസ് പ്രതികരിച്ചു