യുഎഇ: വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാൻ അനുമതി

ദുബായ്: യുഎഇയിലെ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട് ടൈം ജോലിക്കും അനുമതി ലഭിച്ചു. പ്രവാസികൾക്കാണ് ഇരട്ടനേട്ടമായത്. പഠനം പൂർത്തിയായാലുടൻ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭിക്കുകയും പഠനകാലത്തു രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത കുറയുകയും ചെയ്യും. പഠനകാലത്തുതന്നെ മികച്ച തൊഴിൽ പരിശീലനം ലഭിക്കുന്നതു വിദ്യാർഥികൾക്കു കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുമെന്നതാണു പ്രധാന നേട്ടം. ഉന്നതവിദ്യാഭ്യാസവും തൊഴിൽ പരിചയവുമുള്ള യുവാക്കളെ രാജ്യത്തു പിടിച്ചുനിർത്താൻ പുതിയ നീക്കം സഹായകമാകും.

15 വയസ്സുമുതൽ പ്രായമുള്ള വിദ്യാർഥികൾക്ക് അവധിദിവസങ്ങളിൽ സ്വകാര്യ മേഖലയിൽ പാർട് ടൈം ചെയ്യാനാണു മനുഷ്യവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം അനുമതി നൽകിയത്. ഇതുസംബന്ധിച്ചു 2016ൽ എടുത്ത തീരുമാനത്തിന്റെ തുടർച്ചയാണു പുതിയ ഉത്തരവ്.

എങ്ങനെ, എത്രനാൾ ജോലി ചെയ്യാം

വിദ്യാർഥികൾക്കു പാർട് ടൈം വ്യവസ്ഥയിൽ മൂന്നുമാസം വരെ ജോലിചെയ്യാനാകും. പ്രത്യേക സാഹചര്യങ്ങളിൽ കാലാവധി നീട്ടിനൽകും. പാർട് ടൈം ജോലിയാണെങ്കിലും നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചു തൊഴിൽ കരാർ തയാറാക്കിയിരിക്കണം. വേതനം, ജോലിചെയ്യേണ്ട ദിവസങ്ങൾ, മണിക്കൂറുകൾ എന്നിവ വ്യക്തമാക്കുകയും വേണം.

പാലിക്കണം ഏഴ് കാര്യങ്ങൾ

തൊഴിലുടമയുടെയും കുട്ടികളുടെ രക്ഷിതാക്കളുടെയും സമ്മതപത്രം നിർബന്ധം.

കുട്ടികളുടെ എമിറേറ്റ്സ് ഐഡി, വിദ്യാർഥിയാണെന്നതിന്റെ രേഖ, വിസാ പകർപ്പ് എന്നിവയുണ്ടായിരിക്കണം

സ്‌കൂളിൽനിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, ആരോഗ്യ സർട്ടിഫിക്കറ്റ്.

കുട്ടികളെ കൊണ്ട് അപകടകരമായ ജോലികൾ ചെയ്യിക്കരുത്. വലിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുകയുമരുത്. ജോലിയുടെ കാര്യത്തിൽ കുട്ടികളാണെന്ന പരിഗണന നൽകണം.

ഒരു ദിവസം ആറുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കരുത്. ഭക്ഷണത്തിനും വിശ്രമത്തിനും അരമണിക്കൂറിൽ കുറയാതെ ഇടവേള അനുവദിക്കുകയും വേണം.

ആരോഗ്യ, തൊഴിൽ സുരക്ഷയെക്കുറിച്ചു കുട്ടികൾക്കു മതിയായ പരിശീലനം ഉറപ്പാക്കണം.

കരാർ കാലയളവു പൂർത്തിയാക്കിയാലുടൻ തൊഴിൽ മികവു രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകണം.

മികച്ച കോഴ്സുകൾ തിരഞ്ഞെടുക്കാം

നിർമിതബുദ്ധി ഉൾപ്പെടെ സാങ്കേതിക മേഖലയിൽ വൻ മാറ്റമുണ്ടാകുമ്പോൾ ഏറ്റവും മികച്ച കോഴ്സുകൾ തിരഞ്ഞെടുക്കാനും ഇഷ്ടപ്പെട്ട തൊഴിൽമേഖല കണ്ടെത്താനും കഴിയും. വിദ്യാഭ്യാസം പൂർത്തിയാകും മുൻപേ നാട്ടിലേക്കു മടങ്ങേണ്ട സാഹചര്യമാണ് ഒഴിവാകുന്നത്. മറ്റു വിദേശരാജ്യങ്ങളിൽ പോയി പഠിക്കുകയെന്ന ബുദ്ധിമുട്ടും ഇല്ലാതാകുമെന്നു പ്രതീക്ഷിക്കുന്നു.

പഠനത്തോടൊപ്പം ജോലിയും ചെയ്യാൻ അനുമതിയുള്ള പല യൂറോപ്യൻ രാജ്യങ്ങളിലെയും രീതി യുഎഇയിൽ നടപ്പാക്കുന്നതു വിദ്യാർഥികൾക്ക് ഏറെ ഗുണകരമാകും. പുതിയ കോഴ്സുകൾക്കു പ്രവേശനം തേടാനും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ഇതു സഹായകമാകും. പത്താം ക്ലാസ് പൂർത്തിയാക്കി പലരും നാട്ടിലേക്കു പോകുന്ന രീതി മാറി കൂട്ടുകാർക്കൊപ്പം ഇവിടെ തുടർന്നു പഠിക്കാനാണ് അവസരമൊരുങ്ങിയത്.