സൗദിയിൽ വർക്ക് പെർമിറ്റ് നേടാനും പെർമിറ്റ് പുതുക്കാനും പ്രവാസികൾക്ക് പാർപ്പിട കരാർ നിർബന്ധം

റിയാദ്: വിദേശികളുടെ വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും സൗദിയിൽ പാർപ്പിട കരാർ നിർബന്ധമാക്കി. അടുത്ത മാസം ഒന്ന് മുതൽ നിയമം നിലവിൽ വരും. രാജ്യത്തു പ്രഖ്യാപിച്ച ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി തൊഴിൽ സാമൂഹിക വികസന മന്ത്രാലയവും പാർപ്പിടകാര്യ മന്ത്രാലയവും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് പുതിയ നടപടിയെടുത്തിരിക്കുന്നത്.

വർക്ക് പെർമിറ്റ് പുതുക്കിയാൽ മാത്രമേ ഇഖാമ പുതുക്കാൻ സാധിക്കൂ. വർക്ക് പെർമിറ്റ് ആവശ്യമില്ലാത്ത ഗാർഹിക തൊഴിലാളികൾക്ക് പുതിയ നിയമം ബാധകമാവില്ല. സ്‌പോൺസർമാർ നേരിട്ട് താമസ സൗകര്യം നൽകുന്ന തൊഴിലാളികളെ നിയമം ബാധിക്കില്ല. എന്നാൽ സ്‌പോൺസർമാരുടെ കീഴിലല്ലാതെ ഒറ്റയ്ക്ക് താമസിക്കുന്നവർ തങ്ങളുടെ വീട്ടുടമസ്ഥന്റെ പക്കൽ നിന്നും സ്വന്തം നിലക്ക് വാടകക്കരാർ നേടേണ്ടിവരും. വിവിധ സ്‌പോൺസർമാരുടെ കീഴിലുള്ള തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്ന ബാച്ചിലർ റൂമുകളിലെ താമസക്കാരെയാണ് നിയമം കൂടുതലായും ബാധിക്കുന്നത്. ഇത്തരം റൂമുകളിലെ താമസക്കാരായ ഏതെങ്കിലും ഒരാളുടെ പേരിലായിരിക്കും വാടകക്കരാർ നിലവിലുണ്ടാവുന്നത്. മറ്റുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് വാടകക്കരാർ ലഭ്യമാക്കുക എന്നത് അസാധ്യമായിരിക്കും.