കോഹ്‌ലിയുടെ മികച്ച പ്രകടനം: ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ

ബെർമിങ്ഹാം: വിരാട് കോഹ്‌ലിയുടെ ഉജ്വല സെഞ്ചുറിയുടെ പിൻബലത്തിൽ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 274 റൺസ് നേടി. കോഹ്‌ലിയുടെ 22ാം സെഞ്ചുറിയും ഇംഗ്ലീഷ് മണ്ണിൽ ആദ്യ സെഞ്ചുറിയുമാണിത്. ഇതിനുമുമ്പ് ഇംഗ്ലീഷ് മണ്ണിൽ കോഹ്‌ലിയുടെ ഉയർന്ന് സ്‌കോർ 39 ആയിരുന്നു. ആരും കൂട്ടിനില്ലാഞ്ഞിട്ടും സാം കുറാന്റേയും ബെൻ സ്റ്റോക്ക്സിന്റേയും ബൗളിങ്ങിന് മുന്നിൽ മറ്റു ബാറ്റ്സ്മാൻമാർ കളി മറന്നപ്പോഴും ഇന്ത്യൻ ക്യാപ്റ്റൻ പാറ പോലെ ഉറച്ചുനിന്നു. കോഹ്‌ലിയുടെ ബാറ്റിങ് കാണാൻ തന്നെ മനോഹരമായിരുന്നു. 172 പന്തിൽ 14 ഫോറിന്റെ അകമ്പടിയോടെ സെഞ്ചുറിയിലെത്തി.

വ്യക്തിഗത സ്‌കോർ ഇരുപത്തിമൂന്നിൽ എത്തിയപ്പോൾ കോഹ്‌ലി ഒരു റെക്കോഡ് കൂടി പിന്നിട്ടു. ഇംഗ്ലണ്ടിനെതിരെ 1000 റൺസ് തികയ്ക്കുന്ന 13-ാമത്തെ ഇന്ത്യൻ താരമെന്ന റെക്കോഡ് കോഹ്‌ലി സ്വന്തമാക്കി. 34ാം ഓവറിൽ ബെൻ സ്റ്റോക്ക്സിന്റെ പന്തിൽ സിംഗിൾ നേടിയാണ് കോഹ്‌ലി 1000 റൺസിലെത്തിയത്. ഇന്ത്യയെ കോഹ്‌ലിയാണ് വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്.

‘നാല് വർഷം മുമ്പുള്ള വിരാട് കോഹ്‌ലി അല്ല ഇത്, അയാൾ അനുദിനം ശക്തനാവുകയാണ്. കൂടുതൽ കരുത്തനാകുകായണ്’. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പ് വിരാട് കോഹ്‌ലിയെക്കുറിച്ച് പരിശീലകൻ രവി ശാസ്ത്രി പറഞ്ഞ വാക്കുകളാണിത്. നാല് വർഷം മുമ്പ് എം.എസ് ധോനിയുടെ നേതൃത്വത്തിൽ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിലെ കോലിയിൽ നിന്ന് 2018-ൽ ടീം ക്യാപ്റ്റനായി എത്തിയ കോഹ്‌ലി ഏറെ ദൂരം മുന്നോട്ടു സഞ്ചരിച്ചിരിക്കുന്നു. ഒരു ക്രിക്കറ്റ് താരമെന്ന കോഹ്‌ലിയുടെ വളർച്ചയായിരുന്നു അത്.

സച്ചിനും കോഹ്‌ലിക്കും പുറമെ സുനിൽ ഗാവസ്‌കർ (2483), രാഹുൽ ദ്രാവിഡ് (1950), ഗുണ്ടപ്പ വിശ്വനാഥ് (1880), ദിലീപ് വെങ്സർക്കാർ (1589), കപിൽ ദേവ് (1355), മുഹമ്മദ് അസ്ഹറുദ്ദീൻ (1278), വിജയ് മഞ്ജരേക്കർ (1181), മഹേന്ദ്രസിങ് ധോനി (1157), ഫാറൂഖ് എൻജിനീയർ (1113), ചേതേശ്വർ പൂജാര (1061), രവി ശാസ്ത്രി (1026) എന്നിവരാണ് ഇംഗ്ലണ്ടിനെതിരേ 1000 റൺസ് പൂർത്തിയാക്കിയിട്ടുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ.