തൊടുപുഴ കൂട്ടക്കൊലപാതകം: രണ്ട് പേർ കസ്റ്റഡിയിൽ

ഇടുക്കി: കമ്പകക്കാനത്തെ കൂട്ടക്കൊലപാതക കേസിൽ 2 പേർ കസ്റ്റഡിയിൽ. മരിച്ച കൃഷ്ണനുമായി അടുത്ത് പരിചയമുളളവരാണ് പിടിയിലായത്. അന്വേഷണ സംഘം ഇവരെ കാളിയാർ പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യുന്നു. പോലീസ് കസ്റ്റഡിയിലുളളവരിൽ ഒരാൾ നെടുക്കണ്ടം സ്വദേശിയെന്ന് സുചന. മരിച്ച കൃഷ്ണന്റെ മൊബൈൽ ഫോൺ കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നത്. സംശയമുളള 15 പേരുടെ പട്ടിക പോലീസ് തയ്യാറാക്കി.

നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയത് മോഷണ സംഘമെന്ന് ബന്ധുക്കൾ പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ മോഷ്ണ സാധ്യത പൊലീസ് പൂർണമായി തള്ളിയിട്ടില്ല. കൃഷ്ണനും ഭാര്യയും ധാരാളം സ്വർണാഭരണങ്ങൾ ഉപയോഗിച്ചിരുന്നു. പൂജ നടത്തിക്കിട്ടുന്ന വരുമാനമത്രയും സ്വർണാഭരണങ്ങൾ മേടികാനാണ് കുടുംബം ഉപയോഗിച്ചിരുന്നത്. ഇത് നാട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം അറിയാമായിരുന്നു. എന്നാൽ കുഴി മാന്തി പുറത്തെടുത്ത മൃതശരീരത്തിൽ നിന്ന് ആഭരണങ്ങൾ കണ്ടെത്താനായില്ല.

ഒന്നിലേറെ ആളുകൾ ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റുമാർട്ടം നടത്തിയ ഡോക്ടർമാർ പറഞ്ഞതായി പൊലീസ് സൂചന നൽകി. മോഷണ ശ്രമമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. അന്വേഷണം കേരളത്തിന് പുറത്തെയ്ക്കും നീളാനാണ് സാധ്യത.