വിമാനത്താവളത്തിൽ ലഗേജുകൾ നഷ്ടമായാൽ യാത്രക്കാർക്ക് 30 ദിവസത്തിനകം നഷ്ടപരിഹാരം

റിയാദ്:  വിമാനത്താവളത്തിൽ വച്ച് യാത്രക്കാരുടെ ലഗേജുകൾ നഷ്ടമായാൽ ഇനി മുതൽ 30 ദിവസത്തിനകം നഷ്ടപരിഹാരം ലഭിക്കും. നഷ്ടപ്പെടുന്ന ബാഗേജുകൾക്ക് വിമാനക്കമ്പനികൾ പരമാവധി 5,960 റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുറത്തിറക്കിയ ഉപഭോക്തൃ അവകാശ സംരക്ഷണ നിയമാവലിയിൽ  പറയുന്നു.   ബാഗേജുകൾ എത്തുന്നതിന് കാലതാമസം നേരിടുന്ന സന്ദർഭങ്ങളിലും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിന് വിമാന കമ്പനികൾക്ക് ബാധ്യസ്ഥമാണെന്നും  നിയമാവലി വ്യക്തമാക്കുന്നു.

ബാഗേജുകൾ നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം തേടി യാത്രക്കാരിൽനിന്ന് അപേക്ഷ ലഭിച്ച് മുപ്പതു ദിവസത്തിനകം നഷ്ടപരിഹാരം നൽകിയിരിക്കണം എന്നതാണ് പുതിയ നിയമം. ബാഗേജുകളിൽ വിലപിടിച്ച വസ്തുക്കൾ അടങ്ങിയിട്ടുണ്ടെങ്കിൽ അവയുടെ വിലക്ക് തുല്യമായ തുക നഷ്ടപരിഹാരമായി തേടുന്നതിന് യാത്രക്കാർക്ക് അവകാശമുണ്ട്. എന്നാൽ ഇതിന് വിമാനത്തിൽ കയറുന്നതിനു മുമ്പ് തന്നെ പ്രത്യേക ഫോറം പൂരിപ്പിച്ച് ബാഗേജുകളിലുള്ള വില പിടിച്ച വസ്തുക്കളെ കുറിച്ച വിവരം യാത്രക്കാർ വെളിപ്പെടുത്തേണ്ടതാണന്നും  നിയമാവലിയിൽ പറയുന്നു.