ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ അറുനൂറോളം ഭീകരവാദികൾ തയ്യാറൊടുക്കുന്നതായി ഇന്റലിജൻസ് മുന്നറിയിപ്പ്

ഡൽഹി: അറുനൂറോളം ഭീകരവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ നിയന്ത്രണരേഖയ്ക്കു സമീപം വിവിധയിടങ്ങളിൽ തമ്പടിച്ചിട്ടുള്ളതായി ഇന്റലിജൻസ് മുന്നറിയിപ്പ്. നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഭീകരർക്ക് പാക് സൈന്യത്തിന്റെ സജീവ പിന്തുണ ലഭിക്കുന്നുണ്ട്. ഭീകരസംഘടനകൾക്ക് പിന്തുണ നൽകുന്ന പാക് സൈനിക വിഭാഗമായ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിലെ അംഗങ്ങളാകാം ഇക്കൂട്ടരെന്നാണ് നിഗമനം.

മഛിൽ സെക്ടർ- 96 പേർ, കേരാൻ സെക്ടർ- 117 പേർ, ടാങ്ധർ സെക്ടർ- 79 പേർ എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ ഭീകരവാദികളുടെ സാന്നിധ്യത്തെക്കുറിച്ച്
മുന്നറിയിപ്പ്. ആഭ്യന്തരമന്ത്രാലയം കഴിഞ്ഞയാഴ്ച സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഈ വർഷം ജൂലായ് 22 വരെ 110 ഭീകരവാദികളെയാണ് സുരക്ഷാസേന വധിച്ചിട്ടുള്ളത്. 2017 ൽ 213 ഭീകരവാദികളെ സുരക്ഷാസേന വധിച്ചിട്ടുണ്ട്. ഭീകരവാദ സങ്കേതങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പാക് അധീന കശ്മീരിൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തിനു ശേഷം ആദ്യമായാണ് ഇത്രയധികം നുഴഞ്ഞുകയറ്റക്കാർ രാജ്യത്തെ ലക്ഷ്യം വച്ചിരിക്കുന്നത്.