കോഴിക്കോട് പുതിയ വൈറസ് ബാധ; ഒരാൾക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

കോഴിക്കോട്: നിപ്പക്ക്  പിന്നാലെ കോഴിക്കോട്ട് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗം ബാധിച്ച പാവങ്ങാട് സ്വദേശി സുൽഫത്ത് (24) ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണവുമായി മറ്റൊരാളും നിരീക്ഷണത്തിലാണ്.

പക്ഷികളിൽ നിന്ന് കൊതുകുകളിൽ എത്തുന്ന വെസ്റ്റ് നൈൽ വൈറസ് കൊതുക് കടിയിലൂടെയാണ് മനുഷ്യരിലേക്ക് എത്തുന്നത്. പനി,തലവേദന,ഛർദ്ദി എന്നിവയെല്ലാമാണ് രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ചാൽ മസ്തിഷ്‌കജ്വരമോ മരണമോ സംഭവിക്കാം. വെസ്റ്റ് നൈൽ വൈറസിനുള്ള പ്രതിരോധവാക്‌സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല.