കീഴാറ്റൂർ: ബദൽപാതയുടെ സാധ്യത തേടി കേന്ദ്രം, കേന്ദ്ര നീക്കത്തിനെതിരെ മുഖ്യമന്ത്രി

ഡൽഹി: കീഴാറ്റൂരിൽ ബദൽ പാതയുടെ സാങ്കേതികവശം പഠിക്കാൻ വിദഗ്ധസംഘത്തെ നിയോഗിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിധിൻ ഗഡ്കരിയുമായി കീഴാറ്റൂർ സമരസമിതി അംഗങ്ങൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. കൂടിക്കാഴ്ച തൃപ്തികരമെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി. സമരസമിതി നേതാക്കൾ നൽകിയ നിവേദനം വിദഗ്ധസംഘം പരിശോധിക്കും.

അലൈൻമെന്റ് കാര്യത്തിൽ അന്തിമ തീരുമാനം സമിതിയുടെ പഠനത്തിന് ശേഷം മാത്രമായിരിക്കും സ്വീകരിക്കുക. കീഴാറ്റൂർ ബൈപ്പാസിന്റെ നിലവിലെ അലൈൻമെന്റ് മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടതിനെ തുടർന്നാണ് വയൽക്കിളികളുമായി കേന്ദ്രം ചർച്ച നടത്തിയത്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, റിച്ചാർഡ് ഹേ എംപി, സമര സമിതി നേതാവ് കീഴാറ്റൂർ സുരേഷ്, ബിജെപി ദേശീയ സമിതി അംഗം പികെ കൃഷ്ണദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. റിപ്പോർട്ട് സമർപ്പിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ല. പ്രകൃതിയെ നശിപ്പിക്കാതെ റോഡ് വികസനം വേണമെന്നാണ് ആവശ്യമെന്നും വിദഗ്ധസംഘം വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും വയൽക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു.