കുവൈറ്റ് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്:തൊഴിൽ മന്ത്രി ഇന്ത്യയിലേക്ക്

കുവൈറ്റ്:  ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാർ ഒപ്പുവയ്ക്കുന്നതിനായി കുവൈറ്റ് സാമൂഹിക തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് ഇന്ത്യ സന്ദർശിക്കും. ഇന്ത്യയ്ക്കു പുറമെ ഫിലിപ്പീൻസ്, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവിടങ്ങളും സന്ദർശിക്കും. ദീർഘകാലമായി നടത്തുന്ന ചർച്ചകളുടെ ഫലമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കുവൈറ്റ് അധികൃതരും തമ്മിൽ കരാർ സംബന്ധിച്ച് അന്തിമ ധാരണയായിട്ടുണ്ട്. കരാർ ഒപ്പിടുന്നതിനായി രാജ്യങ്ങൾ സന്ദർശിക്കുന്നതെന്നും കുവൈത്ത് സാമൂഹിക തൊഴിൽ മന്ത്രി പറഞ്ഞു.

ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തടസ്സങ്ങൾ മറികടക്കുന്നതിനുള്ള നടപടികൾ ഭരണതലത്തിൽ കൈക്കൊള്ളും. ഗാർഹിക തൊഴിലാളികളെ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ ബന്ധപ്പെട്ട കമ്പനി ടെലിഫോൺ വഴി സ്വീകരിക്കും.

ഏതു രാജ്യത്തുനിന്നുള്ളവർ/ ഏതു പ്രായത്തിലുള്ളവർ എന്നതൊക്കെ അപേക്ഷകൻ അറിയിക്കണം. ഓൺലൈൻ വഴിയാകും ഫീസ് ശേഖരണം. ഏതുവിധേനയുമുള്ള ക്രമക്കേടുകൾക്ക് അവസരം നൽകാത്തവിധമാകും ഗാർഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ്. തൊഴിലാളിയുടെയും കമ്പനിയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുംവിധമാണ് വ്യവസ്ഥകൾ. വ്യവസ്ഥകൾ പാലിക്കാത്ത ഓഫിസുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് സർക്കാർ നിയന്ത്രണത്തിൽ അൽ ദുറ കമ്പനി സ്ഥാപിച്ചത്. രാജ്യത്ത് കോ-ഓപ്പറേറ്റീവ് സ്റ്റോറുകളുമായി ബന്ധപ്പെട്ട് അൽ ദുറ ശാഖകൾ തുറക്കുമെന്നും ഹിന്ദ് അൽ സബീഹ് അറിയിച്ചു.