കമ്പകക്കാനം കൂട്ടക്കൊലക്കേസ്: നിർണ്ണായക തെളിവായ ഫോൺ സംഭാഷണം പുറത്ത്

ഇടുക്കി: കമ്പകക്കാനത്തെ കുടുംബകൂട്ടക്കൊലക്കേസിൽ കസ്റ്റഡിയിലെടുത്ത ഷിബുവും സുഹൃത്തുമായുള്ള ഫോൺ സംഭാഷണം പുറത്ത്. ബിസിനസ് ചീഫിന് കൊടുക്കാൻ പണം കടം തരണമെന്ന് ഷിബു പറയുന്നു. ഷിബുവിന് തൊടുപുഴയിൽ സാമ്പത്തിക ഇടപാടുണ്ടെന്നും കൊല്ലപ്പെട്ട ജോത്സ്യനുമായി ഷിബുവിന് അടുത്ത ബന്ധമെന്നും പോലീസ് പറയുന്നു. നിധിയുടെ പേരിൽ ചിലർ കൃഷ്ണൻറെ വീട്ടിലെത്തിയിരുന്നതായി പോലീസ് സംശയിക്കുന്നു. കൊലപാതകം നടന്ന വീട്ടിൽ നിന്ന് അപരിചിതരായ നാല് പേരുടെ വിരലടയാളം കണ്ടെത്തി. ഇതിനെക്കുറിച്ചുളള അന്വേഷണം പോലീസ് ആരംഭിച്ചു.

ഈ കേസിൽ തിരുവനന്തപുരത്തു നിന്ന് മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. മുസ്ലീം ലീഗിന്റെ ഒരു പ്രാദേശിക നേതാവും, പാങ്ങോട് സ്വദേശി ഷിബു, വിരമിച്ച ഒരു പോലീസ്  ഉദ്യോഗസ്ഥനുമാണ് അറസ്റ്റിലായത്. മന്ത്രവാദമടക്കമുള്ള ആഭിചാരക്രിയകൾ ചെയ്തിരുന്ന കൃഷ്ണനുമായി ഇടപെട്ടിരുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്. നിധി കണ്ടെത്തി തരാം എന്ന് കൃഷ്ണൻ തമിഴ്‌നാട് സ്വദേശികളായ ചിലർക്ക് വാഗ്ദാനം നൽകിയിരുന്നതായും ഇവർ കൊലപാതകത്തിന് മുൻപുള്ള ദിവസങ്ങളിൽ കൃഷ്ണന്റെ വീട്ടിലെത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കമ്പകക്കാനത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പോലീസ് ശ്രമം.