ജസ്റ്റിസ് കെ.എം. ജോസഫ് ജൂനിയർ ജഡ്ജി: കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം

ഡൽഹി: സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ.എം ജോസഫിനെ ജൂനിയർ ജഡ്ജിയായി നിയമിച്ചതിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധമുയരുന്നു. സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരായി എത്തുന്ന ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് വിനീത് ശരൺ എന്നിവർക്ക് ശേഷമാണ് കെ.എം. ജോസഫിന്റെ പേരുള്ളത്. കെ.എം.ജോസഫ് ഉൾപ്പെടെ മൂന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീം കോടതിയിൽ നിയമിക്കാനുള്ള കൊളീജിയം ശുപാർശ രാഷ്ട്രപതി കഴിഞ്ഞ ദിവസമാണ് അംഗീകരിച്ചത്. ജസ്റ്റിസ് ജോസഫിന്റെ നിയമനം സംബന്ധിച്ച് ആറു മാസത്തിലേറെയായി സുപ്രീം കോടതി കൊളീജിയവും കേന്ദ്ര സർക്കാരും തമ്മിൽ നിലനിന്ന ശീതയുദ്ധത്തിനു വിരാമമിടുന്നതായിരുന്നു നിയമന നടപടി.

സുപ്രീംകോടതിയിലെ ജഡ്ജിമാർ നാളെ ചീഫ് ജസ്റ്റിസിനെ കാണും. കെ.എം. ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന് ആവശ്യപ്പെടാനാണ് ജഡ്ജിമാരുടെ തീരുമാനം. ചൊവ്വാഴ്ചയാണ് പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നടക്കുക.