സി.പി.എം. പ്രവർത്തകൻ കുത്തേറ്റുമരിച്ചു: മഞ്ചേശ്വരത്ത് ഹർത്താൽ

കാസർഗോഡ്: സിപിഎം പ്രവർത്തകനായ അബ്ദുൾ സിദ്ദിഖിനെ കുത്തിക്കൊന്ന സംഭവത്തിൽ മഞ്ചേശ്വരത്ത് ഇന്ന് സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു. മഞ്ചേശ്വരം താലുക്കിൽ ഉച്ചയ്ക്ക്
12 മണി മുതൽ ആണ് ഹർത്താൽ. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് പ്രാഥമിക വിവരം. മോട്ടോർബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് അബ്ദുൾ സിദ്ദിഖിനെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. വയറ്റിലേറ്റ ആഴത്തിലുളള മുറിവാണ് മരണകാരണമെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. പോസ്റ്റ്മാർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.

പ്രതികളെ കുറിച്ച് കൃത്യമായ സൂചന കിട്ടിയെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചെന്ന് എസ്പി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കും. പ്രതികൾക്കായി കർണ്ണാടകത്തിലും പൊലീസ് തിരച്ചിൽ നടത്തുന്നു.