അഭിമന്യു കൊലപാതകം: മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിൽ

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ പ്രധാനികളിലൊരാളായ റജീബാണ് പിടിയിലായത്. ക്യംപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയാണ് റജീബ്. ഒളിവിലായിരുന്ന ഇയാൾ തിരിച്ച് കേരളത്തിലേക്ക് വരുന്ന വഴിയിലാണ് പൊലീസ് പിടികൂടിയത്. റജീബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ചുവരെഴുത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മഹാരാജാസിലേക്ക് കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയത് മുഹമ്മദ് റിഫയും നേരത്തെ പിടിയിലായ ഒന്നാം പ്രതി മുഹമ്മദും ചേർന്നായിരുന്നു. കസ്റ്റഡിയിലുള്ള മുഹമ്മദിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിഫയെ പിടികൂടിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. അഭിമന്യുവിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് 13പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ എട്ടുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് അറിയിച്ചു.