കമ്പകക്കാനം കൂട്ടക്കൊല; പ്രധാനപ്രതി പിടിയിൽ

ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊല കേസിൽ പ്രധാന പ്രതികളായ രണ്ടുപേർ പിടിയിൽ. കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി ലിബീഷും അടിമാലിയിലെ മന്ത്രവാദിയുമാണ് പൊലീസ് പിടിയിലായത്. കൃഷ്ണന്റെ വീട്ടിൽ നിന്ന് കാണാതായ 40 പവൻ സ്വർണം പ്രതികളിൽ നിന്ന്
കണ്ടെടുത്തു. ഇരുവരും കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തിരുന്നവരാണെന്നാണ് പൊലീസ് കണ്ടെത്തൽ. കൃഷ്ണന്റെ മാന്ത്രികശക്തി നേടിയെടുക്കുക എന്നുള്ളതായിരുന്നു കൊലയാളികളുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച പിടിയിലായ ഇടുക്കി നെടുങ്കണ്ടം സ്വദേശികൾ ഉൾപ്പെടെ അഞ്ചുപേരാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. കൂട്ടക്കൊലയ്ക്ക് പിന്നിൽ മന്ത്രവാദവും നിധിവേട്ടയുമെന്ന് പൊലീസ് . നിധി കണ്ടെത്തുന്നതു സംബന്ധിച്ച് കൊല്ലപ്പെട്ട കൃഷ്ണൻ സംസ്ഥാനത്തിന് പുറത്ത് നടത്തിയിരുന്ന തട്ടിപ്പുകളാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും സൂചന. മന്ത്രവാദത്തിനും മറ്റുമായി കൃഷ്ണൻ കൂടുതലും മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോയിരുന്നതായും നിധി കണ്ടെത്താൻ പ്രത്യേക പൂജ നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൃഷ്ണന്റെ വീട്ടിൽ സ്ഥിരമായി എത്തിയിരുന്ന തമിഴ്‌നാടു സ്വദേശികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിരലടയാളങ്ങൾ കേസിൽ നിർണായകമാകും. സ്പ്ക്ട്ര യന്ത്രമുപയോഗിച്ച് പ്രദേശത്തെ ഫോൺ ടവറുകൾ കേന്ദ്രീകരിച്ചുള്ള വിവരശേഖരണം പൂർത്തിയായി. നിലവിൽ പൊലീസ് ചോദ്യം ചെയ്യുന്നവർക്ക് കൃഷ്ണന്റെ മന്ത്രവാദ സാമ്പത്തിക ഇടപാടുമായി ബന്ധമുണ്ടെന്നാണ് സൂചന. ശാസ്ത്രീയ തെളിവുകളുപയോഗിച്ച് കൃത്യമായ അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും പൊലീസ് അറിയിച്ചു.