പൊതുമാപ്പ് അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധന; ഷഹാമയില്‍ രണ്ടാമത്തെ കേന്ദ്രം തുറന്നു

അബുദാബി: പൊതുമാപ്പ് അപേക്ഷയുമായി എത്തുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് പരിഗണിച്ച് ഷഹാമയിൽ രണ്ടാമത്തെ കേന്ദ്രവും തുറന്ന് പ്രവർത്തനമാരംഭിച്ചു. അപേക്ഷയുമായി എത്തുന്നവരെയെല്ലാം പരിഗണിക്കാൻ സാധിക്കാതിരുന്നതാണ് പുതിയ കേന്ദ്രം ആരംഭിക്കാൻ കാരണം. ഒരേസമയം 300 പേർക്കു സേവനം നൽകാൻ ശേഷിയുള്ളതാണ് പുതിയ കൂടാരം. ഇതുവഴി അപേക്ഷകർക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാകും.

പതിനഞ്ചു വയസിന് താഴെ പ്രായമുള്ള കുട്ടികളെ കൊണ്ടുവരേണ്ടതില്ലെന്നും അവർക്കുവേണ്ടി രക്ഷിതാക്കൾ അപേക്ഷ സമർപ്പിച്ചാൽ മതിയെന്നും താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. കടുത്ത ചൂടിൽനിന്ന് കുട്ടികളെ രക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. പൊതുമാപ്പിലൂടെ എക്സിറ്റ് പാസ് നേടി നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്നവർ മാത്രം ഷഹാമയിലെ പൊതുമാപ്പ് കേന്ദ്രത്തിൽ എത്തിയാൽ മതിയെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. കാലാവധിയുള്ള പാസ്പോർട്ട് കൈവശമുള്ളവർക്ക് നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാം.

അബുദാബി വിസയിലുള്ളവർ മാത്രമാണ് ഷഹാമയിലെ കേന്ദ്രത്തെ ആശ്രയിക്കേണ്ടത്. മറ്റ് എമിറേറ്റുകളിലെ വിസയിലുള്ളവർ അതാതു കേന്ദ്രത്തിലാണ് എത്തേണ്ടത്. ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, ശ്രീലങ്ക, ഫിലിപ്പീൻസ് തുടങ്ങി വിവിധ രാജ്യങ്ങളിലെ എംബസികളുടെ പ്രത്യേക ഹെൽപ് ഡെസ്‌കും പൊതുമാപ്പ് കേന്ദ്രത്തിൽ ആരംഭിച്ചിട്ടുണ്ട്.