കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട

കൊച്ചി:  അന്താരാഷ്ട്ര വിപണിയിൽ ഒരുകോടിയിലധികം വിലമതിക്കുന്ന ബ്രൗൺഷുഗറുമായി ശ്രീലങ്കൻ സ്വദേശി അടക്കം രണ്ടുപേർ കൊച്ചി സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായി. തൃപ്പൂണിത്തുറ റെയിൽവേസ്റ്റേഷനിൽ വച്ചാണ് പ്രതികളെ അറസ്റ്റ്‌ചെയ്തത്.

എയർപോർട്ടുകൾ ഒഴിച്ചുനിർത്തിയാൽ മധ്യകേരളത്തിൽ ആദ്യമായാണ് ഇത്രയും വലിയ മയക്കുമരുന്നുവേട്ട നടക്കുന്നത്. ശ്രീലങ്ക ജാഫ്‌ന സ്വദേശി ശ്രീദേവൻ, സഹായി ചെന്നൈ റോയൽപേട്ട് സ്വദേശി ഷാഹുൽ ഹമീദ് എന്നിവരെയാണ് കൊച്ചി ഷാഡോ പോലീസ് പിടികൂടിയത്.

വൈറ്റ് ഹെറോയിൻ ഇനത്തിൽപെട്ട മുന്തിയ ഇനം ലഹരിമരുന്നാണ് ഇവരിൽനിന്നും പിടിച്ചെടുത്തത്. ശ്രീലങ്കയിൽനിന്നും വൻതോതിൽ ലഹരിമരുന്നുകളെത്തിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവർ. ചെന്നൈ കേന്ദ്രമാക്കിയായിരുന്നു ഇവരുടെ പ്രവർത്തനം. ചെന്നൈയിൽനിന്നും ഇത്തരം കെമിക്കൽ ഡ്രഗ്ഗുകൾ വൻതോതിൽ കൊച്ചിയിലേക്കെത്തുന്നുണ്ടെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് മാസമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. പ്രതികളെ വൈകാതെ കോടതിയിൽ ഹാജരാക്കും.