സ്വകാര്യസ്‌കൂളിലെ ഫീസ് നിയന്ത്രിക്കാൻ സർക്കാർസംവിധാനം ആവശ്യം: ഹൈക്കോടതി

കൊച്ചി: സ്വകാര്യസ്‌കൂളിലെ അമിതഫീസ് ഈടാക്കുന്നത് നിയന്ത്രിക്കാൻ സർക്കാർസംവിധാനം ആവശ്യമാണെന്ന് ഹൈക്കോടതി. വിദ്യാഭ്യാസം സേവനാധിഷ്ഠിതമായ പ്രവൃത്തിയാണ്. സ്‌കൂളിലെ സൗകര്യം കൂട്ടുന്നതിനപ്പുറം ലാഭേച്ഛ പാടില്ലെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഓർമിപ്പിച്ചു.എറണാകുളത്തെ ശ്രീശ്രീ രവിശങ്കർ വിദ്യാലയത്തിലെ ഫീസ് വർധന സംബന്ധിച്ച ഹർജികളിലാണ് ഇടക്കാല ഉത്തരവ്. സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യം മുൻനിർത്തിയുള്ള ഫീസ് ഘടന ഉറപ്പാക്കത്തക്ക സംവിധാനം പരിഗണിക്കാൻ കോടതി സർക്കാരിനെ ഹർജിയിൽ കക്ഷിചേർത്തു.

അമിതഫീസെന്ന ആക്ഷേപമുന്നയിക്കാൻ നിലവിൽ സംസ്ഥാനത്ത് സംവിധാനമില്ല. അതുകൊണ്ടാണ് ഹർജിക്കാധാരമായ കേസിൽ രക്ഷകർത്താക്കളും സ്‌കൂളധികൃതരും തമ്മിൽ തർക്കമുണ്ടായത്. നിയമമില്ലെങ്കിൽ നിയമരാഹിത്യവും കലാപവുമാവും ഫലം. മേലിൽ അത്തരം തർക്കങ്ങളും ബഹളവും ഒഴിവാക്കേണ്ടതാണ്. അതിന് നിയമാനുസൃതവും വിശ്വാസമർപ്പിക്കാവുന്നതുമായ ഫീസ് നിയന്ത്രണസംവിധാനം വേണമെന്ന് കോടതി ഓർമിപ്പിച്ചു.

ഹർജിക്ക് ആധാരമായ കേസിൽ മറ്റു കുട്ടികൾക്ക് ബാധകമായ ഫീസ് നൽകാൻ തയ്യാറാണെന്ന് രക്ഷിതാക്കൾ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ തിരിച്ചെടുക്കാൻ കോടതി നിർദേശിച്ചു. മാതാപിതാക്കളും സ്‌കൂളും തമ്മിലുള്ള തർക്കം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കരുതെന്ന് കോടതി ഓർമിപ്പിച്ചു. സ്വകാര്യസ്‌കൂളിലെ ഫീസ് നൽകാനാവുന്നില്ലെങ്കിൽ കുട്ടികളെ സൗജന്യവിദ്യാഭ്യാസം ലഭിക്കുന്ന സ്‌കൂളിൽ ചേർക്കാൻ തടസ്സമില്ല. ഫീസ് കൂട്ടിയാൽ രക്ഷിതാക്കൾ സ്‌കൂളിനു മുന്നിൽ ധർണയിരിക്കുകയല്ല വേണ്ടത്. രക്ഷിതാക്കൾ പ്രതിഷേധിച്ചാൽ ബലപ്രയോഗത്തിലൂടെയല്ല, നിയമനടപടിയിലൂടെയാണ് സ്‌കൂളധികൃതർ നേരിടേണ്ടതെന്നും കോടതി വ്യക്തമാക്കി.

ചേർത്തലയിൽനിന്നുള്ള ഒരു വിദ്യാർഥിയുൾപ്പെടെ അഞ്ചു വിദ്യാർഥികളാണ് സ്‌കൂളിൽനിന്ന് പുറത്താക്കിയതിനെതിരേ കോടതിയെ സമീപിച്ചത്. ഇവരുടെ രക്ഷകർത്താക്കളുടെ പ്രതിഷേധം അധ്യയനത്തെ ബാധിച്ചെന്നായിരുന്നു സ്‌കൂളിന്റെ ആക്ഷേപം. പുറത്താക്കിയ കുട്ടികളുടെ നിവേദനം പരിഗണിച്ച് അവരെ തിരിച്ചെടുക്കാൻ. എറണാകുളം ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. അത് ചോദ്യംചെയ്ത് സ്‌കൂളധികൃതർ നൽകിയ ഹർജിയും കോടതിക്കുമുന്നിലുണ്ട്.