വന്ദനാ ചവാൻ പ്രതിപക്ഷത്തിന്റെ രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനാർത്ഥി

ഡൽഹി: രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി എൻ.സി.പിയിലെ വന്ദനാ ചവാൻ മത്സരിക്കും. പൂനെ മുൻ മേയർ കൂടിയാണ് വന്ദന. ബി.ജെ.പിയുടെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കില്ലെന്ന് നേരത്തെ തന്നെ പ്രതിപക്ഷം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സ്വന്തം സ്ഥാനാർത്ഥിയെ നിറുത്തിയത്. വ്യാഴാഴ്ചയാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ജനതാദൾ നേതാവ് ഹരിവൻഷ് നാരായണൻ സിംഗാണ് എൻ.ഡി.എയുടെ സ്ഥാനാർത്ഥി. മലയാളിയായ പി.ജെ.കുര്യന്റെ കാലാവധി ജൂലായ് ഒന്നിന് അവസാനിച്ചതിനെ തുടർന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷന്റെ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. രാജ്യസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ തന്നെ മറ്റ് കക്ഷികളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനാകൂ.

245 അംഗ സഭയിൽ 123 വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. മൂന്ന് സീറ്റ് വീതമുള്ള അകാലിദളും ശിവസേനയും ഒൻപത് സീറ്റുള്ള ബിജു ജനതാദളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ എൻ.ഡി.എയുടെ അംഗസംഖ്യ 110 ആയി ചുരുങ്ങും. അങ്ങനെയെങ്കിൽ കേവല ഭൂരിപക്ഷമായ 115ൽ എത്താൻ അഞ്ച് സീറ്റ് കൂടി ബി.ജെ.പിക്ക് വേണ്ടിവരും. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക്ദേശം പാർട്ടിയും വൈ.എസ്.ആർ കോൺഗ്രസും അടക്കം 119 പേരുടെ പിന്തുണയാണ് പ്രതിപക്ഷത്തിനുള്ളത്. അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും പി.ഡി.പിയും പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.