എസ്.ഐയുടെ നേതൃത്വത്തിൽ മ്ലാവ് വേട്ട. മ്ലാവിറച്ചിയും ആയുധങ്ങളും വനം വകുപ്പ്‌ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു, എസ്.ഐക്ക് സസ്‌പെൻഷൻ

കൊല്ലം: നിയമത്തിന് പുല്ലുവില കൽപിച്ച് പൊലീസുകാർ. കുളത്തൂപ്പുഴയിൽ എസ്ഐയും പൊലീസുകാരും കാട്ടിൽകയറി മ്ലാവിനെ വേട്ടയാടി. മ്ലാവിറച്ചിയും ആയുധങ്ങളും വനം വകുപ്പ്‌ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഞായാറാഴ്ച രാത്രി പൊന്മുടി വനത്തിലാണ് സംഭവം. പ്രധാന പ്രതി ഗ്രേഡ് എസ്ഐ അയൂബും സംഘവും കാട്ടിലെത്തിയത് പൊലീസ് വാഹനത്തിൽ. സംഭവത്തിന് ശേഷം അയൂബും രണ്ട് പൊലീസുകാരും ഒളിവിലാണ്. കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ച് അധികൃതർ അന്വേഷണം തുടങ്ങി.

പൊൻമുടി ഗ്രേഡ് എസ്‌ഐ അയൂബിന്റെ രണ്ടു ബന്ധുക്കളും വേട്ടയിൽ ഉണ്ടായിരുന്നു. ലൈസൻസില്ലാത്ത തോക്കും ബന്ധുക്കളുടെ കൈവശം ഉണ്ടായിരുന്നു. ഫ്‌ളയിങ് സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഫോറസ്റ്റ് അധികൃതർ ബന്ധുക്കളുടെ വീട്ടിൽ നടത്തിയ പരിശോധനയെത്തുടർന്നാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. മ്ലാവിറച്ചിയും തോക്കും കണ്ടെടുത്തു.

അതേസമയം, പൊലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നടപടി അപൂർവമാണെന്ന് വനം മന്ത്രി കെ രാജു.  ക്രിമിനൽ കുറ്റംചെയ്താൽ പൊലീസിന് ഒരു സംരക്ഷണവും ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.