മുനമ്പം ബോട്ടപകടം: കാണാതായ ഒമ്പത് പേർക്കായി തിരച്ചിൽ തുടരുന്നു

കൊച്ചി: മുനമ്പത്ത് ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ കാണാതായ ഒമ്പത് പേർക്കായി തിരച്ചിൽ തുടരുന്നു. നാവികസേനയുടെ സഹായത്തോടെയാണ് തിരച്ചിൽ.
മലയാളിയായ പറവൂർ മാല്യങ്കര സ്വദേശിയായ ഷിജു ഉൾപ്പെടെ 9 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. സംഘത്തിലെ മറ്റുള്ളവർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. നാവിക സേനയുടെ 2 ഡോണിയർ വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും തിരച്ചിലിൽ പങ്കെടുക്കുന്നു. കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും രംഗത്തുണ്ട്. മത്സ്യത്തൊഴിലാളികളുടെ നാൽപതോളം ബോട്ടുകളും തിരച്ചിൽ  നടത്തുന്നു. ഇന്നലെ രാത്രി മോശം കാലാവസ്ഥ മൂലം തിരച്ചിൽ നിർത്തി വെച്ചിരുന്നു. അതേസമയം അപകടമുണ്ടാക്കിയത് എം വി ദേശ്ശക്തി എന്ന ഇന്ത്യൻ കപ്പൽ ആണെന്ന ആദ്യ നിഗമനത്തിൽ പിഴവുണ്ടെന്നാണ് വിലയിരുത്തൽ. ദേശ് ശാന്തി എന്ന പേരിലുള്ള കപ്പലാണോ അപകടമുണ്ടാക്കിയതെന്നും സംശയമുണ്ട്. ഈ സമയം രാജ്യാന്തര കപ്പൽ ചാലിലൂടെ കടന്ന് പോയ മൂന്ന് കപ്പലുകൾ നിരീഷണത്തിലാണ് . ഇവരോട് തിരികെ എത്താൻ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നിർദേശം നൽകി.